മുഹമ്മദ് ഇയാസിന്റെ മരണം; അന്വേഷണ ആവശ്യം ശക്തമാകുന്നു
text_fieldsജനറൽ ആശുപത്രിയിലേക്ക് എൻ.വൈ.എൽ നടത്തിയ പ്രതിഷേധ മാർച്ച്
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ബേഡകം തലേക്കുന്നിലെ ഒമ്പതുവയസ്സുകാരൻ മുഹമ്മദ് ഇയാസ് മരിച്ച സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് കല്ലട്ര മാഹിൻ എം.എൽ.എ ആവശ്യപ്പെട്ടു. ചികിത്സനടപടികളിലോ ശസ്ത്രക്രിയ ക്രമീകരണങ്ങളിലോ മെഡിക്കൽ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിലോ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ച് വസ്തുതകൾ പൊതുസമൂഹത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടുംബത്തിന് അർഹമായ സാമ്പത്തിക നഷ്ടപരിഹാരവും ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം ആരോഗ്യമന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽകൊണ്ടുവന്നിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു.
കാസർകോട്: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ ഒമ്പതുവയസ്സുകാരൻ ഇയാസ് മരിച്ചത് അന്വേഷിക്കണമെന്ന് ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ആവശ്യപ്പെട്ടു. രക്ഷിതാക്കൾ ഗുരുതരമായ ആരോപണമാണ് ഡോക്ടർക്കെതിരെ ഉന്നയിക്കുന്നത്. ഓപറേഷന് തീയതി കിട്ടാൻ പണം ആവശ്യപ്പെട്ടുവെന്ന ആരോപണവും ചികിത്സ പിഴവും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
ഉന്നതതല അന്വേഷണം വേണം -എസ്.വൈ.എസ്
കാസർകോട്: ജനറൽ ആശുപത്രിയിൽ ഉദരസംബന്ധമായ ശസ്ത്രക്രിയക്കിടെ ഒമ്പതുകാരൻ മരിക്കാനിടയായ സംഭവം നിഷ്പക്ഷവും സമഗ്രവുമായി അന്വേഷിക്കണമെന്ന് സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രവർത്തകസമിതി അംഗവും കേരള മുസ്‍ലിം ജമാഅത്ത് ഉദുമ സോൺ സെക്രട്ടറിയും എസ്.എം.എ മേഖല സെക്രട്ടറിയുമായ തലേകുന്ന് അഷ്റഫ് സഖാഫിയുടെ മകനാണ് മരിച്ച ഇയാസ്.
സാധാരണക്കാരായ ജനങ്ങൾ പൂർണ വിശ്വാസത്തോടെ ആശ്രയിക്കുന്ന പൊതുജനാരോഗ്യകേന്ദ്രത്തിൽ, ലളിതമായൊരു ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച കുട്ടിക്ക് ജീവൻ നഷ്ടപ്പെടേണ്ടി വന്ന സാഹചര്യം കടുത്ത ആശങ്ക ഉളവാക്കുന്നതാണ്. ഈ ദാരുണമായ ദുരന്തത്തിന് കാരണം ചികിത്സപ്പിഴവോ അതോ അധികൃതരുടെ കൃത്യവിലോപമോ എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ആശുപത്രി അധികൃതരുടെയോ ഡോക്ടർമാരുടെയോ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണം.
ആരോഗ്യരംഗത്ത് ഏറെ മുന്നിലാണെന്ന് അവകാശപ്പെടുമ്പോഴും സാധാരണക്കാരുടെ ആശ്രയമായ ജില്ല ജനറൽ ആശുപത്രിയിൽ ഇത്തരം ഗുരുതരമായ വീഴ്ചകൾ ആവർത്തിക്കുന്നത് അംഗീകരിക്കാനാകില്ല. കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് എസ്.വൈ.എസ് ജില്ല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം, ജനറൽ സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാർ, താജുദ്ദീൻ സുബ്ബക്കട്ടെ, റസാഖ് സഖാഫി കോട്ടക്കുന്ന്, ഹാരിസ് ഹിമമി സഖാഫി, അബ്ദുൽ അസീസ് സഖാഫി മച്ചാമ്പാടി, അഹ്‌മദ് ഷെറീൻ ഹാരിസ് ഹിമമി സഖാഫി, ഫാറൂഖ് കുബണൂർ, ശകീർ പെട്ടിക്കുണ്ട്, മുനീർ എർമാളം അബ്ദുൽ റഹ്മാൻ സഖാഫി ചിപ്പാർ സിദ്ദീഖ്, ഹനീഫി ഹനീഫ് സഅദി കുമ്പോൽ, യൂസുഫ് സഖാഫി കനിയാല, ശിഹാബ് പാണത്തൂർ എന്നിവർ സംസാരിച്ചു.
കുടുംബത്തിന് നീതി ഉറപ്പാക്കണം -എസ്.കെ.എസ്.എസ്.എഫ്
കാസർകോട്: ജനറൽ ആശുപത്രിയിൽ ചികിത്സക്കിടെ ബേഡകം തലേക്കുന്നിലെ ഒമ്പതുവയസ്സുകാരൻ മുഹമ്മദ് ഇയാസ് മരണപ്പെട്ട സംഭവം ആശങ്കയുണർത്തുന്നതാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് സുബൈർ ദാരിമി പടന്നയും ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിരയും പ്രസ്താവനയിൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങളും കുടുംബത്തിന്റെ പരാതിയും ഗൗരവപൂർവം പരിഗണിച്ച് നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തണം. ചികിത്സനടപടികളിലും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിലും ഏതെങ്കിലും തരത്തിലുള്ള അനാസ്ഥയോ വീഴ്ചയോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
എൻ.വൈ.എൽ പ്രതിഷേധ മാർച്ച് നടത്തി
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സക്കിടയിൽ വിദ്യാർഥി മുഹമ്മദ് ഇയാസ് മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് ജനറൽ ആശുപത്രിയിലേക്ക് നാഷനൽ യൂത്ത് ലീഗ് മാർച്ച് നടത്തി. പതിയ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച മാർച്ച് ജനറൽ ആശുപത്രി കവാടത്തിൽ പൊലീസ് തടഞ്ഞു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. നാഷനൽ യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് ഹനീഫ് ഹദ്ദാദ് അധ്യക്ഷത വഹിച്ചു. മൊയ്തീൻ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, റഹിം ബെണ്ടിച്ചാൽ, കെ.കെ. അബ്ബാസ്, ഹനീഫ് തുരുത്തി, മൊയ്തു ഹദ്ദാദ്, അബ്ദുൽ റഹിമാൻ കൊളവയൽ എന്നിവർ സംസാരിച്ചു. സിദ്ദീഖ് ചെങ്കള, ഇ.എൽ. നാസർ, നൗഷാദ് ബള്ളീർ, നാസർ കാഞ്ഞങ്ങാട്, അഷ്റഫ് തുരുത്തി, ശിഹാബ് പോപ്പി, ശക്കൂർ എരിയാൽ തുടങ്ങിയവർ നേതൃത്വം നൽകി.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം -സി.പി.എം
കാസർകോട്: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒമ്പതുവയസ്സുകാരൻ മുഹമ്മദ് ഇയാസ് മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്ന് സി.പി.എം കാസർകോട് ഏരിയ സെക്രട്ടറി ടി.എം.എ. കരിം മുഖ്യമന്ത്രിക്കയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പൊക്കിളിൽ നിന്ന് വെള്ളം വരുന്ന നിസ്സാര പ്രശ്നത്തെ തുടർന്നാണ് ഡോക്ടറുടെ നിർദേശ പ്രകാരം മുഹമ്മദ് ഇയാസിനെ ചെറിയ ശസ്ത്രക്രിയക്കായി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പൂർണ ആരോഗ്യത്തോടെ ഒാപറേഷൻ തിയറ്ററിലേക്ക് പോയ കുട്ടി മരിക്കുകയായിരുന്നു. ചികിത്സാ നടപടികളിലെ വീഴ്ചയാണ് മരണത്തിന് കാരണമായതെന്ന ഗുരുതരമായ ആരോപണമാണ് കുടുംബവും നാട്ടുകാരും ഉന്നയിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണത്തോടൊപ്പം ആരോഗ്യമേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യക അന്വേഷണ സംഘത്തെ നിശ്ചയിച്ച് വകുപ്പുതല അന്വേഷണം നടത്തി യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും സർക്കാർ ആശുപത്രികളെമാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ഭീതി അകറ്റണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

