ആഫ്രിക്കൻ പന്നിപ്പനി ആശങ്കയിൽ കാട്ടുപന്നിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു
text_fieldsകാട്ടുപന്നിയുടെ ജഡം ഡോ. പി.കെ. ധീരജ് പോസ്റ്റ്മോർട്ടം
ചെയ്യുന്നു
കാഞ്ഞങ്ങാട്: ആഫ്രിക്കൻ പന്നിപ്പനി ഭീതി നിലനിൽക്കെ പരപ്പ കമ്മാടത്ത് വീട്ടുവളപ്പിൽ ചത്തനിലയിൽ കണ്ട കാട്ടുപന്നിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് കമ്മാടത്തെ നാസറിന്റെ വീട്ടുപറമ്പിൽ അഞ്ചു വയസ്സ് വരുന്ന പെൺപന്നിയെ ചത്തനിലയിൽ കണ്ടത്. പ്രത്യക്ഷത്തിൽ മരണകാരണം വ്യക്തമായില്ല. ജഡത്തിൽ പരിക്കുകളും കണ്ടില്ല. കഴുത്തിലും തലയിലും നീലിച്ച പാടുകൾ കാണപ്പെട്ടു.
ആഫ്രിക്കൻ പന്നിപ്പനിയാണെന്ന സംശയമുയർന്നതോടെ ജഡം പോസ്റ്റ്മോർട്ടം ചെയ്യാൻ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. അഷ്റഫ് നിർദേശം നൽകുകയായിരുന്നു. പ്ലാച്ചിക്കര മൃഗാശുപത്രിയിലെ ഡോ. പി.കെ. ധീരജ് സംഭവസ്ഥലത്തുവെച്ചുതന്നെ പോസ്റ്റ്മോർട്ടം ചെയ്തു. വെടിയേറ്റോ കഴുത്തിൽ കുരുക്കിട്ട് കൊന്നതോ അല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. പ്രാഥമിക റിപ്പോർട്ടിൽ മരണകാരണം വ്യക്തമാകാതെ വന്നതോടെ രക്തസാമ്പിളുകൾ വിദഗ്ധ പരിശോനധക്കയച്ചു. മരുതോം ഫോറസ്റ്റ് സെക്ഷൻ ഓഫിസർ ബി.എസ്. വിനോദ്കുമാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥനായ എം.എസ്. സുമേഷ് കുമാർ എന്നിവരും നടപടികൾക്ക് നേതൃത്വം നൽകി. ജഡം പിന്നീട് സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

