എണ്ണാമെങ്കിൽ എണ്ണിക്കോ... പടന്നക്കാട് മേല്‍പാലം കുഴികളാൽ ‘സമൃദ്ധം’
text_fieldsപടന്നക്കാട് ദേശീയപാതയിലെ അപകടഭീഷണിയുയർത്തുന്ന കുഴികൾ
കാഞ്ഞങ്ങാട്: ദേശീയപാതയിൽ കുഴികൾ വ്യാപകമായതോടെ ശക്തമായ മഴയിൽ വാഹനയാത്രക്കാർ ദുരിതത്തിലായി. യാത്രക്കാരുടെ നടുവൊടിക്കുന്നത് കൂടാതെ വാഹനാപകടങ്ങളും പതിവായി. പടന്നക്കാട് മേല്‍പാലം റോഡ് പൂര്‍ണമായും തകര്‍ന്നു. റോഡില്‍ നിറയെയുള്ള കുഴികൾ ഇതുവഴിയുള്ള വാഹനഗതാഗതം ദുസ്സഹമാക്കി.
കാഞ്ഞങ്ങാട്- നീലേശ്വരം റൂട്ടിലോടുന്ന വാഹനങ്ങൾക്ക് കുഴികളിൽ വീഴാതെ കടന്നുപോകാനാവില്ല. സ്വകാര്യബസുകള്ക്കുപുറമെ കാസര്‍കോട്, കണ്ണൂര്‍ റൂട്ടിലോടുന്ന കെ.എസ്.ആര്.ടി.സി ടൗണ്‍ ടു ടൗണ്‍ ബസുകളും കുഴികളിൽ വീഴുന്നു. ദിവസവും അനേകം ലോറികളും ചെറുവാഹനങ്ങളും രണ്ടുഭാഗം ഇടതടവില്ലാതെ സഞ്ചരിക്കുന്ന റോഡിലെയും കുഴികളിൽവീഴുന്നു.
പടന്നക്കാട് മേല്‍പാലം റോഡില്‍ തുടക്കം മുതല്ഒടുക്കം വരെ കുഴികളാണ്. എത്ര കുഴികളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താന്‍ പോലും കഴിയാത്ത വിധത്തില്‍ പരിതാപകരമാണ് റോഡിന്റെ അവസ്ഥ. ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണ് അപകടത്തിൽ പെടുന്നു. മേൽപാലം കടന്നുപോകണമെങ്കിൽ ജീവൻ പണയം വെക്കണം. റോഡ് തകര്‍ന്നതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് വശംകൊടുക്കാനും കഴിയുന്നില്ല. ബസുകളടക്കം വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടി നിരങ്ങിനീങ്ങുന്നതിനാല് ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. കുഴികള്‍ താണ്ടിയുള്ള യാത്രയില്‍ വാഹനങ്ങളുടെ ടയറുകള്‍ തകരാറിലാകുകയും ഇരുചക്രവാഹനങ്ങള്‍ കുഴിവെട്ടിക്കുമ്പോൾ നിയന്ത്രണം വിട്ട് മറിയുകയും ചെയ്യുന്നു. മേല്‍പാലം കഴിഞ്ഞാലും റോഡില്‍ കുഴികളുണ്ട്. കാഞ്ഞങ്ങാട് നഗരത്തില്‍നിന്ന് ബസുകള്‍ പുറപ്പെട്ടാല്‍ കാഞ്ഞങ്ങാട് സൗത്ത് മുതല്‍ നീലേശ്വരം മാര്‍ക്കറ്റ് വരെയും ദുരിതയാത്രയാണ്.
കാഞ്ഞങ്ങാട് സൗത്ത്, കൊവ്വല്‍ സ്റ്റോര്‍, മുത്തപ്പനാര് കാവ്, ഐങ്ങോത്ത് എന്നിവിടങ്ങളില്‍ രണ്ടുഭാഗങ്ങളിലും സര്‍വിസ് റോഡുകള്‍ പൂര്‍ണമായി തകര്‍ന്നതിനാല്‍ ഇതുവഴിയും ഗതാഗതം കഠിനമാണ്. ദേശീയപാത കരാർ കമ്പനി തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ കാഞ്ഞങ്ങാട് സൗത്ത് മുതല്‍ പടന്നക്കാട് നെഹ്റു കോളജ് വരെയുള്ള ഭാഗങ്ങളിലായി 250 ലേറെ ചെറുതും വലുതുമായ അപകടങ്ങൾ നടന്നെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വര്‍ഷം പടന്നക്കാട് മേല്‍പാലത്തിലുണ്ടായ കൂട്ട വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ആഷിക്(20), വടകരമുക്കില്‍ താമസിച്ചിരുന്ന ബംഗളൂരു സ്വദേശി തന്‍വീര്‍ പാഷ(34) എന്നിവര്‍ മരിച്ചിരുന്നു. നിയന്ത്രണം വിട്ട ലോറി മറ്റൊരു ലോറിയിലും കാറിലും ഇടിച്ച ശേഷം ആഷിക്കും തന്‍വീര്‍ പാഷയും സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. ഇതേവര്‍ഷം തന്നെയാണ് പടന്നക്കാട്ട് കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

