പുളിംകൊച്ചി കോളനിയിലേക്ക് പാലം യാഥാർഥ്യമാകുന്നു
text_fieldsകാസർകോട്: പാലമില്ലാത്തതിനാല്‍ മഴക്കാലങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന പനത്തടി പുളിംകൊച്ചി കോളനിയിലേക്ക് ജില്ല പഞ്ചായത്ത് പാലം നിർമിക്കും. ജില്ല പഞ്ചായത്തും പട്ടികവര്‍ഗ വകുപ്പും സംയുക്തമായാണ് നടപ്പാലം നിർമിക്കുക. ഇവിടത്തുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
മഴക്കാലങ്ങളിലാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഇവരുടെ ദുരിത ജീവിതത്തെക്കുറിച്ചറിഞ്ഞാണ് ജില്ല പഞ്ചായത്തിന്റെ ഇടപെടല്‍.പട്ടികവര്‍ഗ വകുപ്പ് ഫണ്ടും ജില്ലാ പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് മൂന്നു മീറ്റര്‍ വീതിയില്‍ നടപ്പാലം നിര്‍മിക്കാനാണ് തീരുമാനം. ഇതിനായി ജില്ല പഞ്ചായത്ത് 40 ലക്ഷം രൂപ മാറ്റിവെച്ചു.
അടുത്ത മഴക്കാലത്തിനു മുമ്പായി പാലം നിർമാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിവേഗത്തില്‍ നിർമാണം തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. എസ്റ്റിമേറ്റ് തയാറാക്കി നല്‍കാന്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുപ്പതോളം കുടുംബങ്ങളാണ് പുളിംകൊച്ചി കോളനിയില്‍ താമസിക്കുന്നത്. തോടിന് കുറുകെ പാലം ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ മരപ്പലകകള്‍ കൊണ്ട് നിര്‍മിച്ച താൽക്കാലിക പാലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്‌കരവും അപകടകരവുമാണ്. അതിനാല്‍ മഴക്കാലത്ത് പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

