ചൂടൊരു രക്ഷയുമില്ല; കരിക്കിന് വില 60
text_fieldsകുമ്പളയിലെ വിൽപനക്കടകളിലെ പാലക്കാടൻ കരിക്ക്
കാസർകോട്: ചൂടിന് കാഠിന്യം വർധിച്ചപ്പോൾ കരിക്കിന് വില 60 ആയി. ദാഹമകറ്റാൻ ഏറെ പേരും ശുദ്ധമായ കരിക്കിൻ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. വിലയൊന്നും ചോദിക്കാൻ നിൽക്കാറില്ല ആരും, വിൽപനക്കാരൻ പറയുന്നതാണ് വില. റമദാൻ മാസം 45 മുതൽ 50 വരെ ഈടാക്കിയിരുന്ന കരിക്കിന് ഇപ്പോൾ വില 60 രൂപയിലെത്തിനിൽക്കുകയാണ്. തേങ്ങക്ക് കിലോ 60 രൂപയും എന്നാൽ, വെറും ഒരു കരിക്കിന് ഇപ്പോൾ വില 60 രൂപയുമാണ്. ഇത് തേങ്ങയുടെയും കൊപ്രയുടെയും വില കൂടിയതു കൊണ്ടല്ല, ചൂട് കൂടിയതിലുള്ള വിലവർധനയാണെന്ന് വ്യാപാരികൾ പറയുന്നു. കരിക്കിൻ വെള്ളത്തിന് ആവശ്യക്കാർ കൂടിയപ്പോൾ വിൽപനക്കാർ വിലകൂട്ടി എന്നുമാത്രം.
‘പാലക്കാടൻ’ എന്ന് വിളിപ്പേരുള്ള തമിഴ്നാട്ടിൽനിന്നുള്ള കരിക്കുകളാണ് ഇപ്പോൾ ജില്ലയിലേക്ക് വിൽപനക്ക് എത്തുന്നത്. നാടൻ കരിക്കുകളൊന്നും ഇപ്പോൾ കിട്ടാറില്ലെന്ന് വിൽപനക്കാർ പറയുന്നു. ജില്ലയിലെ മൊത്തവിൽപന ഏജന്റുമാരാണ് കരിക്ക് വിപണിയിലെത്തിക്കുന്നത്. ലോഡുകണക്കിന് കരിക്കാണ് ദിവസേനയെന്നോണം അതിരാവിലെതന്നെ ജില്ലയിലെത്തുന്നത്. ഇത് രാവിലെ 10നു മുമ്പ് വിൽപനക്കടകളിൽ എത്തിക്കും. ഫ്രൂട്ട് കടകളിലാണ് ഏറെയും വിൽപന.
മൊത്ത വിതരണക്കാരിൽനിന്ന് 40 മുതൽ 45 രൂപക്കുവരെ കരിക്ക് ലഭിക്കുന്നുവെന്ന് പറയുന്നു. ഇതിനാണ് 55 മുതൽ 60 രൂപക്കുവരെ വിൽക്കുന്നത്. വലുപ്പക്കുറവുള്ള കരിക്കുകൾ 50 രൂപക്കുതന്നെ വിൽക്കേണ്ടിവരുന്നുണ്ടെന്നും വിൽപനക്കാർ പറയുന്നു.
നേരത്തെ യഥേഷ്ടം കർണാടക കരിക്കുകൾ ജില്ലയിലെത്തുമായിരുന്നു. ഇപ്പോൾ വരവ് കുറഞ്ഞതായി വിൽപനക്കാർ പറയുന്നു. മുംബൈ പോലുള്ള നഗരങ്ങളിൽ കരിക്കിന് ഡിമാൻഡ് വർധിച്ചതിനാൽ കർണാടകയിലെ ഏജന്റുമാർ കരിക്ക് മുംബൈയിലേക്ക് കയറ്റി അയക്കുന്നുവെന്ന് പറയുന്നു. മുംബൈയിൽ കരിക്കിന് 70 രൂപ വില ഈടാക്കുന്നുമുണ്ട്. അതുകൊണ്ടാണ് തമിഴ്നാട്ടിൽ നിന്നുവരുന്ന പാലക്കാടൻ കരിക്കിനെ ജില്ല ആശ്രയിക്കേണ്ടിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

