നഗരത്തിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു പത്തുപേർക്ക് പരിക്ക്
text_fields1. സ്വകാര്യ ബസ് ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു, 2.വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്
കാസർകോട്: നഗരത്തിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് നാലരയോടെ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷന് സമീപം ബാങ്ക് റോഡിൽ വിൻ ടെച്ച് ആശുപത്രിക്ക് മുന്നിലാണ് അപകടം. കാസർകോട്ടുനിന്ന് മധൂരിലേക്ക് സർവിസ് നടത്തുന്ന കെ.എൽ 57-2007 നമ്പർ സുപ്രീം ബസും നായന്മാർമൂല ആലമ്പാടിയിൽനിന്ന് നെല്ലിക്കുന്നിലേക്ക് പോവുകയായിരുന്ന വിവാഹസംഘം സഞ്ചരിച്ച കെ.എൽ 58-ജെ-5359 ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസിന്റെ കാബിനിൽ കുടുങ്ങിയ ഡ്രൈവർ കമലാക്ഷക്ക് (46) ഗുരുതരമായി പരിക്കേറ്റു. അഗ്നിരക്ഷാസേനയെത്തി ക്രെയിൻ ഉപയോഗിച്ച് പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
ടൂറിസ്റ്റ് ബസ് ഡ്രൈവർ വിദ്യാനഗറിലെ സഫീർ (40), ഇരു ബസിലെയും യാത്രക്കാരായ മന്നിപ്പാടിയിലെ സ്വപ്ന (44), ആലമ്പാടിയിലെ മുസ്തഫ (40), പട്ളയിലെ അബ്ബാസ് (66), ആലമ്പാടിയിലെ അബ്ദുറഹീം (50), മീപ്പുഗിരിയിലെ സുരേഷ് (44), ഉളിയത്തടുക്കയിലെ സരസ്വതി (57) തുടങ്ങിയവരെ ബാങ്ക് റോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ബാങ്ക് റോഡിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കാസർകോട് പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

