താലൂക്ക് ഓഫിസ് പടികയറ്റം കഠിനം തന്നെ
text_fieldsഉപ്പള താലൂക്ക് ഓഫിസിലേക്കുള്ള കോണിപ്പടി കയറുന്ന വയോധികൻ
മൊഗ്രാൽ: 'തന്റെ അപേക്ഷ പരിഗണിച്ചാലും ഇല്ലെങ്കിലും ഇനി ഈ കോണിപ്പടി കയറാൻ എനിക്കാവില്ല’ ഉപ്പളയിലെ താലൂക്ക് ഓഫിസ് കെട്ടിടത്തിലേക്ക് കയറുന്ന വയോധികന്റെ രോദനമാണിത്. മഞ്ചേശ്വരം താലൂക്ക് നിലവിൽ വന്നിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇതിന്റെ ഭാഗമായി സ്ഥാപിച്ച ഉപ്പളയിലെ താലൂക്ക് ഓഫിസ് കെട്ടിടത്തിലേക്കുള്ള കോണിപ്പടി കയറ്റം കഠിനം തന്നെയാണ്. ഓഫിസിലെത്തുന്ന വയോജനങ്ങൾക്കും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ് ഏറെ പ്രയാസം. ഉപ്പള ബസ്സ്റ്റാൻഡിന് മുൻവശമുള്ള വാടക കെട്ടിടത്തിലെ മുകളിലത്തെ നിലയിലാണ് ഓഫിസുകൾ പ്രവർത്തിക്കുന്നത്. ഇത് മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഇതിനായി സ്ഥലം കണ്ടെത്തിയിരുന്നുവെങ്കിലും കെട്ടിടനിർമാണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചിരുന്നില്ല.
ഈവർഷത്തെ ബജറ്റിലും അവഗണിച്ചു. വലിയ വാടക നൽകിയാണ് വർഷങ്ങളായി താലൂക്ക് ഓഫിസ് പ്രവർത്തിക്കുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകൾ നിലവിൽ വന്നത്. നേരത്തെ ഇത് കാസർകോടിന്റെ ഭാഗമായിരുന്നു. ഇടതുസർക്കാർ വന്നതോടെ വെള്ളരിക്കുണ്ട് താലൂക്ക് വികസനകാര്യത്തിൽ ഏറെ മുന്നോട്ടുപോയെങ്കിലും മഞ്ചേശ്വരം പിറകോട്ടു പോവുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. താലൂക്കിന്റെ മറ്റ് അടിസ്ഥാനസൗകര്യ വികസനത്തിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.
മംഗൽപാടിയിലെ പഴയ സാമൂഹിക ആരോഗ്യകേന്ദ്രം പിന്നീട് താലൂക്കാശുപത്രിയായി ഉയർത്തി ഇപ്പോൾ ഉപ്പളയിൽ പ്രവർത്തിച്ചുവരുന്നുണ്ട് എന്നത് മാത്രമാണ് ആശ്വാസം. സപ്ലൈ ഓഫിസ് പ്രവർത്തിക്കുന്നതും ബന്ദിയോടിനടുത്തുള്ള ഒരു കെട്ടിടത്തിലാണ്. താലൂക്കിൽ ഉണ്ടാവേണ്ട ഡിവൈ.എസ്.പി ഓഫിസ്, കോടതിസമുച്ചയം, സബ് ജയിൽ, ആർ.ടി.ഒ ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങൾ ഇനിയും താലൂക്കടിസ്ഥാനത്തിൽ വരേണ്ടതുണ്ട്. ഒന്നിനും തുടർനടപടികൾ ഉണ്ടാകുന്നില്ല. ആർ.ടി ഓഫിസ് കുമ്പളയിൽ സ്ഥാപിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. നിലവിലെ താലൂക്ക് ഓഫിസുകളിൽ അടിസ്ഥാനവികസനം ഒരുക്കാതെയാണ് ഇപ്പോൾ സർക്കാർ പുതിയ താലൂക്ക് രൂപവത്കരണവുമായി മുന്നോട്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

