തെരഞ്ഞെടുപ്പ് കോഴ: സുരേന്ദ്രനെ ചോദ്യം ചെയ്തു; ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും
text_fieldsബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ കാസർകോട് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാവാൻ കാസർകോട് ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ
കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർഥിക്ക് കോഴ നൽകി സ്ഥാനാർഥിത്വം പിൻവലിപ്പിച്ചുവെന്ന കേസിൽ പ്രതിയായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്ത് വിട്ടയച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
അതേസമയം, ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. നിയമവ്യവസ്ഥയിൽ വിശ്വാസമുള്ളത് കൊണ്ടാണ് ചോദ്യംചെയ്യലിന് ഹാജരായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കളടക്കം പലരും വിളിക്കാറുണ്ട്. അല്ലാതെ പണമിടപാടൊന്നും നടന്നിട്ടില്ല. കൊടകര, ബത്തേരി, മഞ്ചേശ്വരം കേസുകൾ സി.പി.എം കെട്ടിച്ചമച്ചതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സ്ഥാനാർഥിയായിരുന്നു കെ. സുരേന്ദ്രൻ. തന്റെ പേരിനോട് സാമ്യമുള്ള ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദര തനിക്ക് അപരനാവുമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹത്തോട സ്ഥാനാർഥിത്വം പിൻവലിക്കാൻ ആവശ്യപ്പെട്ടത്. ഇതിനായി രണ്ടര ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. സതീഷ്കുമാറിെൻറ നേതൃത്വത്തിൽ കാസർകോട് ഗെസ്റ്റ് ഹൗസിൽ രാവിലെ 11 നാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്.
കെ. സുന്ദരയുടെ വെളിപ്പെടുത്തലിൽ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കുറ്റത്തിന് കേസെടുത്തത്. നാമനിർദേശ പത്രിക പിൻവലിക്കാൻ 15 ലക്ഷം രൂപയും വീടും കർണാടകയിൽ വൈൻ ഷോപ്പും വാഗ്ദാനം ചെയ്തുവെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ.
മാർച്ച് 21ന് രാവിലെ സ്വർഗ വാണിനഗറിലെ സുന്ദരയുടെ വീട്ടിലെത്തിയ ബി.ജെ.പി നേതാക്കൾ സുന്ദരയെ പൈവളിഗെ ജോഡ്ക്കല്ലിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിച്ച് തടങ്കലിൽ വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച ആയതിനാൽ പത്രിക പിൻവലിക്കാനായില്ല. സുന്ദരയെ വീട്ടിലെത്തിച്ച ബി.ജെ.പി നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. മാർച്ച് 22ന് കാസർകോട് താളിപ്പടുപ്പിൽ കെ. സുരേന്ദ്രൻ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ വെച്ചാണ് പത്രിക പിൻവലിപ്പിക്കാനുള്ള അപേക്ഷയിൽ ഒപ്പുവെപ്പിച്ചത്.