ചോക്കും കരിക്കട്ടയുംകൊണ്ട് ചുവരുകളിൽ ചിത്രങ്ങൾ തീർത്ത് വിദ്യാർഥികൾ
text_fieldsപെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ചുവരിൽ ചിത്രം വരച്ചപ്പോൾ
പെരിയ: ചോക്കോ കരിക്കട്ടയോ കിട്ടിയാൽ കുട്ടികൾ വിദ്യാലയചുവരുകളിൽ സ്വന്തം പേരോ അശ്ലീലസാഹിത്യമോ കൂട്ടുകാരന്റെ ഇരട്ടപ്പോരോ കോറിയിടുന്ന കാലം കഴിഞ്ഞു. അതുകൊണ്ട് ആകർഷകമായ വിദ്യാലയചുവരുകൾ തീർക്കാമെന്ന് തെളിയിക്കുകയാണ് പെരിയയിലെ വിദ്യാർഥികൾ.
വലിയ വിലകൊടുത്ത് വാങ്ങുന്ന സിന്തറ്റിക് പോയന്റുകളും വിലകൂടിയ വര ഉപകരണങ്ങളേയുംകാൾ എന്തുകൊണ്ടും നല്ലത് സ്കൂൾ പരിസരത്തുനിന്ന് ലഭ്യമാകുന്ന പ്രകൃതിസൗഹൃദമായ വസ്തുക്കൾതന്നെയാണ്. വെറുതെ കളയുന്ന വസ്തുക്കൾ ഉപയോഗിച്ച് വരക്കുന്ന ചിത്രങ്ങൾ കുട്ടികൾക്ക് പ്രകൃതിസംരക്ഷണത്തിന്റെയും പാഴ്വസ്തുകളുടെ പുനരുപയോഗത്തിന്റെ സാധ്യതകളേയും കുറിച്ച് പഠിപ്പിക്കുന്നുണ്ട്. പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചുവരുകൾ ഇത്തരം ചിത്രങ്ങളാൽ ആകർഷകമാക്കുന്നു. വില കൊടുത്ത് പെയിന്റ്, ബ്രഷ് എന്നിവ വാങ്ങാതെ സ്കൂളിൽ ലഭ്യമാകുന്ന ചോക്ക്, വിറക് കരി എന്നിവ മാത്രം ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.
ഗാന്ധിജി, ജവഹർലാൽ നെഹ്റു, ബി.ആർ. അംബേദ്കർ എന്നീ ചരിത്രപുരുഷൻമാരുടേയും പ്രകൃതിദൃശ്യങ്ങളുടേയും കുട്ടികളുടേയും ചിത്രങ്ങളാണ് കരിക്കട്ടയും ചോക്കുംകൊണ്ട് വരച്ചിരിക്കുന്നത്. വിദ്യാലയചുവരുകളിൽ അധികം കാണാത്ത വാർളി ചിത്രങ്ങളും ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നു. സ്കൂളിലെ ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ അധ്യാപകരായ സരീഷ് വടക്കിനിയിൽ, ആദർശ് കടമ്പംചാൽ എന്നിവരും കുട്ടികളും ചേർന്നാണ് ചിത്രങ്ങൾ വരച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

