തെരുവുനായ് ശല്യം രൂക്ഷം: വാഹനങ്ങളെയും പിന്തുടർന്ന് നായ്പ്പട
text_fieldsനീലേശ്വരം താലൂക്ക് ആശുപത്രി വളപ്പിലെ തെരുവുനായ്ക്കൾ
നീലേശ്വരം: നീലേശ്വരം നഗരസഭയിലെ പാലക്കാട്, കുഞ്ഞാലിൻകീഴിൽ, ചിറപുറം എന്നിവിടങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമായി. തെരുവു നായ്ക്കൾ കൂട്ടമായി നടന്നു പോകുന്നവരെയും ഇരുചക്ര വാഹനയാത്രക്കാരെയും പിന്തുടർന്ന് ആക്രമിക്കുകയാണ്. പകൽ ശാന്തരായും ഒറ്റപ്പെട്ടും സഞ്ചരിക്കുന്ന ഇവ നേരം ഇരുട്ടുന്നതോടെ കൂട്ടമായി കാൽനടക്കാരെയും വാഹനയാത്രക്കാരെയും ആക്രമിക്കുകയാണ്. ഇതുകൂടാതെ വീടിനു മുന്നിൽവെക്കുന്ന ചെരുപ്പ്, തുണികൾ, മാറ്റുകൾ എന്നിവയും വ്യാപകമായി നശിപ്പിക്കുകയാണ്.
നീലേശ്വരം ബസ് സ്റ്റാൻഡ്, മാർക്കറ്റ്, തെരു റോഡ്, താലൂക്ക് ആശുപത്രി പരിസരം എന്നിവിടങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം വർധിച്ചിച്ചു. മൂന്നുമാസം മുമ്പ് ആശുപത്രി വളപ്പിൽ തെരുവുനായ് പ്രസവിച്ച അഞ്ച് കുഞ്ഞുങ്ങൾ താലൂക്ക് ആശുപത്രി വളപ്പിലുണ്ടായിരുന്നു.
ഇവർ ആശുപത്രിയിൽ എത്തുന്നവരെ പിന്തുടർന്ന് ശല്യം ചെയ്തിരുന്നു. തെരുവു നായ് ശല്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട പരാതി നീലേശ്വരം നഗരസഭ സെക്രട്ടറിക്കും ചെയർമാനും നൽകി. ഡോ. പി. രതീഷ്, കെ.കെ. അഭിലാഷ് എന്നിവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര ഇടപെടൽ നടത്താമെന്ന് നഗരസഭ സെക്രട്ടറി ഉറപ്പുനൽകി. ആക്രമണകാരികളായ തെരുവു നായ്ക്കളെ കൊല്ലാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് നഗരസഭ അധികൃതർ തയാറാകണമെന്നാണ് നീലേശ്വരത്തെ ജനങ്ങൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

