സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ് 17 മുതൽ 20വരെ തൃക്കരിപ്പൂരിൽ
text_fieldsതൃക്കരിപ്പൂർ: 68ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ് 2 ചാമ്പ്യൻഷിപ്പ് 17 മുതൽ 20 വരെ തൃക്കരിപ്പൂരിൽ നടത്തുന്നതിന് ഒരുക്കം പൂർത്തിയാക്കിയതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സെപക് താക്രോ, ടെന്നിക്കോയ്, കബഡി മത്സരങ്ങളാണ് ഇവിടെ നടത്തുന്നത്. വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലർ തൃക്കരിപ്പൂർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ, സെൻറ് പോൾസ് എ.യു.പി സ്കൂൾ അങ്കണം എന്നിവിടങ്ങളാണ് മത്സരങ്ങൾ നടക്കുന്നത്. ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇൻഡോറിൽ രണ്ട് കബഡി കോർട്ടുകൾ തൃക്കരിപ്പൂരിൽ ഒരുക്കിയിട്ടുള്ളത്. സെപക് താക്രോ, ടെന്നിക്കോയ് മത്സരങ്ങൾ സെന്റ് പോൾസ് എ.യു.പി സ്കൂൾ ഗ്രൗണ്ടിലാണ് നടത്തുക.
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് സബ്ജൂനിയർ, ജൂനിയർ, സീനിയർ ആൺ, പെൺ വിഭാഗത്തിലായി 1300 കായിക താരങ്ങളും 150 ഒഫിഷ്യൽസും പങ്കെടുക്കും. മുഴുവൻ പേർക്കും വേദികൾക്കരികെ മൂന്നുനേരവും ഭക്ഷണം നൽകുമെന്നും സംഘാടക സമിതി അറിയിച്ചു. ആൺകുട്ടികൾക്ക് വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഹയർ സെക്കൻഡറി തൃക്കരിപ്പൂർ, പെൺകുട്ടികൾക്ക് സെന്റ്പോൾസ് എ.യു.പി സ്കൂൾ, സീനിയർ ആൺകുട്ടികൾക്ക് മുജമ്മഅ് ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിലാണ് താമസ സൗകര്യം.
വിവിധ ജില്ലകളിൽനിന്നെത്തുന്ന കായിക താരങ്ങളെ റെയിൽവെ സ്റ്റേഷനിൽനിന്ന് സ്വീകരിക്കും. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കായിക താരങ്ങളെ കൊണ്ടുവരുന്നതിന് ബസ് സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്.
18ന് വൈകീട്ട് നാലിന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. 20ന് രാവിലെ 11ന് നടക്കുന്ന സമാപന സമ്മേളനം സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വാർത്തസമ്മേളനത്തിൽ വൈസ് ചെയർമാൻമാരായ എം.മനു, എം. രജീഷ് ബാബു, സെറിമണി കമ്മിറ്റി ചെയർമാൻ പി. ശശിധരൻ, പി.ടി.എ പ്രസിഡൻറ് യു.പി. ശരീഫ്, ജില്ല സ്പോർട്സ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി കെ.വി. ബിജു എന്നിവർ പങ്കെടുത്തു.
വിളംബര ജാഥ ഇന്ന്
തൃക്കരിപ്പൂർ: 17 മുതൽ ഇവിടെ നടക്കുന്ന 68ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ് രണ്ട് ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി ബുധനാഴ്ച വൈകീട്ട് വിളംബര ജാഥ നടത്തും. 3.30 മുതൽ തങ്കയം മുക്ക് കേന്ദ്രീകരിച്ചാണ് ജാഥ നടക്കുന്നത്.
കബഡി മത്സരങ്ങളിൽ ആകെ 1008 മത്സരാർഥികൾ ഉണ്ടാകും. ടെന്നിക്കോയ്, സെപക് താക്രോ ഇനങ്ങളിൽ 280 കുട്ടികളാണ് മത്സരിക്കുക. ബുധനാഴ്ച മുതൽ ഇവരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കം പൂർത്തിയാക്കി. രജിസ്ട്രേഷനും ബുധനാഴ്ച വൈകീട്ടോടെ പൂർത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

