സംസ്ഥാന കുടുംബശ്രീ പുരസ്കാരം; ജില്ലക്ക് ഇരട്ട നേട്ടം
text_fieldsകാസർകോട്: സംസ്ഥാനത്തെ മികച്ച കുടുംബശ്രീ പ്രവർത്തനത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ജില്ല ഇരട്ടനേട്ടമാണ് കൈവരിച്ചിരിക്കുന്നത്. സംസ്ഥാനതലത്തിൽ മികച്ച സി.ഡി.എസിനുള്ള ഒന്നാം സ്ഥാനമാണ് ചെറുവത്തൂരിനെ തേടിയെത്തിയതെങ്കിൽ തൊട്ടുപിറകിൽ രണ്ടാം സ്ഥാനം നേടി കിനാനൂർ കരിന്തളം പഞ്ചായത്ത് സി.ഡി.എസും ജില്ലക്ക് അഭിമാനമായി. സംയോജന പ്രവര്‍ത്തനം, തനതു പ്രവര്‍ത്തനം, ഭരണനിര്‍വഹണം എന്നീ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്.
സി.ഡി.എസ് തലത്തില്‍ ഏകോപ്പിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് പുരസ്കാരം. കൃഷി, മൃഗസംരക്ഷണം, പിന്നാക്കവിഭാഗം വായ്പ വിതരണം, വനിത വികസന വായ്പ വിതരണം, വ്യവസായം, സംരംഭ പ്രവര്‍ത്തനങ്ങള്‍, വനിത ഘടക പദ്ധതികള്‍, പാലിയേറ്റിവ് പരിചരണം, വയോജനക്ഷേമം, ഹരിതകര്‍മ സേന, ബാലസഭ പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങള്‍, പൊതു പരിപാടികളിലെ പങ്കാളിത്തം, അയല്‍ക്കൂട്ട എ.ഡി.എസ് തല പ്രവര്‍ത്തനങ്ങള്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിങ്ങനെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താണ് ചെറുവത്തൂർ സി.ഡി.എസ് ലക്ഷ്യം കൈവരിച്ചത്.
പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വായ്പയിനത്തില്‍ 1.90 കോടി രൂപ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. വനിത വികസന വായ്പ 2.62 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. വിവിധ വ്യവസായ സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപ വായ്പ നല്‍കിയിട്ടുണ്ട്. എസ്.വി.ഇ.പി സംരംഭങ്ങള്‍ 384 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. പച്ചക്കറികൃഷി, പൂകൃഷി, മോഡല്‍ പ്ലോട്ട് എന്നിവ 14 ഏക്കര്‍ സ്ഥലത്ത് വ്യാപിപ്പിച്ചിട്ടുണ്ട്. വയോജന കുടുംബശ്രീ, ഓക്സിലറി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തുന്നുണ്ട്.
2023ൽ ദേശീയ അവാർഡിന് പിന്നാലെ സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച സി.ഡി.എസിനുള്ള പുരസ്കാര സന്തോഷത്തിലാണ് കിനാനൂർ കരിന്തളം പഞ്ചായത്ത്. പഞ്ചായത്തിലെ 393 അയൽക്കൂട്ടങ്ങൾ, 5971 അയൽക്കൂട്ട അംഗങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനം, 283 സംരംഭങ്ങൾ, 446 സംഘകൃഷി ഗ്രൂപ്പുകൾ എന്നിവ യോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം, കാർഷിക-മൃഗസംരക്ഷണ മേഖലയിലെ മികച്ച പ്രവർത്തനം, സംരംഭ മേഖലയിലെ പ്രവർത്തനം, പരപ്പ ബ്ലോക്ക് ആർ.കെ.ഐ.ഇ.ഡി.പി പദ്ധതി ബി.എൻ.എസ്.ഇ.പി മുഖാന്തരം 164 സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
വിവിധ സംയോജന പദ്ധതികൾ, ലിങ്കേജ് വായ്പ-ജെ.എൽ.ജി വായ്പ, പ്രവാസി വായ്പ, സംരംഭ വായ്പ പ്രവർത്തനത്തിലൂടെ മൈക്രോ ഫിനാൻസ് രംഗത്ത് മികച്ച മുന്നേറ്റം, പട്ടികവർഗ മേഖല, ജെൻഡർ, ബാലസഭ പ്രവർത്തനം, സംസ്ഥാനത്തെ മികച്ച ഹരിതകർമ സേന, രുചി ന്യൂട്രിമിക്സ് യൂനിറ്റിന്റെ മികച്ച പ്രവർത്തനം, ക്ഷീരസാഗരം, ആടുഗ്രാമം, പദ്ധതികൾ, സംരംഭ മേഖലയിൽ ജോബ് കഫേ സ്കിൽ ആൻഡ് മാനേജ്മെന്റ് പരിശീലന കേന്ദ്രവുമായി സഹകരിച്ച് വിവിധ പരിശീലനങ്ങൾ എന്നിവ ലഭ്യമാക്കി. നൂതന പദ്ധതികളായി മാ കെയർ സെന്റർ, അപ്പാരൽ പാർക്ക് എന്നിവ ആരംഭിച്ചു.
സി.ഡി.എസ് ചെയർപേഴ്സൻ ഉഷ രാജു, മെംബർ സെക്രട്ടറി ടി.വി. ബാബു, വൈസ് ചെയർപേഴ്സൻ സീന, ഉപസമിതി കൺവീനർമാരായ ശാരിക, രോഹിണി, അനിത പ്രസാദ്, പ്രസീത മോഹൻ, സി.ഡി.എസ് അംഗങ്ങൾ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, വൈസ് പ്രസിഡന്റ് ടി.പി. ശാന്ത എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയും ജില്ല മിഷൻ ടീമും എല്ലാവിധ സഹായവും പിന്തുണയുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

