ഉദ്യോഗസ്ഥക്ഷാമം; അദാലത്തുകളിലെ പരാതികൾക്ക് പരിഹാരം വൈകുമെന്ന് ആശങ്ക
text_fieldsമഞ്ചേശ്വരം താലൂക്കുതല അദാലത്തിൽ ഹാളിന് പുറത്തുനിന്ന് പരാതി സ്വീകരിക്കുന്ന
കായികമന്ത്രി വി. അബ്ദുറഹ്മാൻ
കാസർകോട്: ഉദ്യോഗസ്ഥക്ഷാമത്തിൽ അദാലത്തുകളിലെ പരാതികൾക്ക് പരിഹാരം കാണാൻ വൈകുമെന്ന് ജനങ്ങളിൽ ആശങ്ക. നൂറോളം സർക്കാർജീവനക്കാർ ക്ഷേമപെൻഷൻ വാങ്ങി സസ്പെൻഷനിലായതും 1500ഓളം പേർക്കെതിരെ പിരിച്ചുവിടൽ നടപടി വരാൻപോകുന്നതും സർക്കാറിന്റെ ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തിൽ ലഭിച്ച പരാതികൾക്ക് പരിഹാരം വൈകുമെന്ന ആശങ്കയിലാണ് പരാതിക്കാർ.
നിലവിൽ സർക്കാർ ഓഫിസുകളിൽ വിവിധ വകുപ്പുകളിലായി ആയിരക്കണക്കിന് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിനിടയിലാണ് ക്ഷേമപെൻഷൻ വെട്ടിപ്പും സസ്പെൻഷനുകളും. ജീവനക്കാരില്ലാത്തതിന്റെ പേരിൽ സർക്കാർ ഓഫിസുകളിൽ ഫയലുകൾ നീങ്ങാത്ത അവസ്ഥ നേരത്തേതന്നെയുണ്ട്. നിലവിലുള്ള ജോലിക്കാർക്കാണെങ്കിൽ ജോലിഭാരവും. താലൂക്കുതല അദാലത് പരാതികളിൽ മന്ത്രിമാർ പരിഹരിക്കാത്ത പരാതികളിൽ അതത് വകുപ്പുകളിലേക്കയച്ചാണ് തീരുമാനവും പരിഹാരവും ഉണ്ടാക്കേണ്ടത്.
മന്ത്രിമാരുടെ മേൽനോട്ടത്തിൽ ചെറിയൊരു ശതമാനം പരാതികളിൽ മാത്രമാണ് തീരുമാനം ഉണ്ടായിട്ടുള്ളതെങ്കിലും ആയിരക്കണക്കിന് പരാതികളിന്മേൽ ഇനി നടപടിയും പരിഹാരവും ആവേണ്ടതുണ്ട്. നിലവിൽ പ്രധാന വകുപ്പുകളിലൊക്കെ ജീവനക്കാരുടെ കുറവുണ്ട്. തദ്ദേശം, റവന്യൂ, ധനം, ആഭ്യന്തരം, ആരോഗ്യം, പൊതുമരാമത്ത്, ഫിഷറീസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് പരാതികളേറെയും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധി വർഷങ്ങളായി നേരിടുന്നുണ്ട്.
ഇതേത്തുടർന്ന് ഭരണസമിതി മുഖേന ജനപ്രതിനിധികൾ ജില്ല ആസ്ഥാനങ്ങളിൽ വലിയ സമരങ്ങളും നടത്തിവരുന്നുമുണ്ട്. ഒഴിവുകൾ നികത്താൻ സർക്കാറിന്റെ ഭാഗത്തുനിന്ന് നടപടി ഇല്ലാതിരിക്കെ അദാലത്തുകളിലെ പരാതികൾ എങ്ങനെയാണ് പരിഹരിക്കുക എന്ന ചോദ്യം ഉയർന്നുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

