ദേശീയപാതയിൽ സോയിൽ നെയിലിങ് ഇടിഞ്ഞു; മുൻകരുതൽ ശക്തമാക്കി
text_fieldsചെർക്കള ബേവിഞ്ചയിൽ സോയിൽ നെയിലിങ് ഇടിഞ്ഞ് മണ്ണും കോൺക്രീറ്റും റോഡിലേക്ക് വീണ നിലയിൽ
കാസർകോട്: ദേശീയപാതയിൽ ചെർക്കളക്കും ബേവിഞ്ചക്കുമിടയിൽ സോയിൽ നെയിലിങ് ഇടിഞ്ഞ് റോഡിൽ വീണു. മണ്ണിടിഞ്ഞ ഭാഗം കരാർ കമ്പനികൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തു. കുന്നിടിച്ച് നിർമിച്ച റോഡിനെ വശത്തുള്ള കുന്നുകൾ സംരക്ഷിക്കുന്നതിനും അപകടം തടയുന്നതിനുമുള്ള ശാസ്ത്രീയ രീതിയാണ് സോയിൽ നെയിലിങ്. യന്ത്രം ഉപയോഗിച്ച് കുന്ന് തുരന്ന് അതിലേക്ക് കോൺക്രീറ്റ് തൂണുകൾ വാർത്ത് പുറത്ത് കമ്പിവലയിട്ട് കോൺക്രീറ്റ് ഷീറ്റിടുകയാണ് ചെയ്യുന്നത്. ഇവക്കുള്ളിൽനിന്ന് ഉറവപൊട്ടി കോൺക്രീറ്റുകൾ അടർന്നുവീണ് മണ്ണിടിയുകയാണുണ്ടായത്.
തലപ്പാടിയിൽനിന്ന് ആരംഭിക്കുന്ന പുതിയ ദേശീയപാതയിൽ പ്രധാന നെയിലിങ് നടത്തിയത് ചെർക്കള ബേവിഞ്ച ഭാഗത്തും തെക്കിൽ ഭാഗത്തുമാണ്. ഇവയെല്ലാം അടർന്നുവീണ് മണ്ണിടിയുകയാണ്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ രൂക്ഷമായ മണ്ണിടിച്ചിലിന്റെ സാധ്യത പരിഗണിച്ച് ചെർക്കള-ബേവിഞ്ച ഭാഗത്തുള്ള ദേശീയപാതയിൽ (എൻ.എച്ച്. 66) വാഹന ഗതാഗതം താൽക്കാലികമായി നിരോധിക്കുന്നതിനായി ജില്ല ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു.
ഈ പ്രദേശത്ത് നിരവധി ചെറിയ മണ്ണിടിച്ചിലുകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയതും അടിസ്ഥാനമാക്കി കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായാണ് ഈ മുൻകരുതൽ നടപടികൾ.
വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിന് പൊലീസ് നടപടി സ്വീകരിക്കണം. ആംബുലൻസ്, അടിയന്തര സേവന വാഹനങ്ങൾ എന്നിവ മാത്രം നിയന്ത്രിതമായി കടന്നുപോകാൻ അനുവദിക്കും. പ്രദേശവാസികൾ ജാഗ്രത പാലിക്കണം. മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്ത് അനാവശ്യമായി ആരും പോകരുത്.
സമീപഭാവിയിൽ പ്രദേശത്തിന്റെ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി, സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചശേഷം ഗതാഗതം പുനഃസ്ഥാപിക്കുന്നതായിരിക്കുമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വിശദ വിവരങ്ങൾക്ക്: ജില്ല ദുരന്ത നിവാരണ അതോറിറ്റി, കാസർകോട് ഫോൺ: +91 94466 01700.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

