'ഈ കണ്ണട ആരും എടുക്കരുത്; ഇതിന്റെ ഉടമസ്ഥൻ എടുത്തോളും' -വൈറലായി ആദിയുടെയും പാച്ചുവിന്റെയും ശങ്കുവിന്റെയും കുറിപ്പ്
text_fieldsആദിദേവും(ഇടത്തറ്റം)ആര്യതേജും നവനീതും
കൂളിയാട്(കാസർകോട്): സ്കൂളിലേക്ക് ബസ് കാത്തുനിൽക്കവെ നോട്ട് ബുക്കിൽ നിന്ന് ഒരു കടലാസ് ചിന്തിയെടുത്ത് ആദി എഴുതിത്തുടങ്ങി. "സ്കൂൾ ബസ് കേറാൻ നിൽക്കുന്ന കുട്ടികൾ: ഈ കണ്ണാടി വീണുകിട്ടിയതാണ്, ആരും എടുക്കരുത്. ഇതിന്റെ ഉടമസ്ഥൻ എടുത്തോളും. രാവിലെ എട്ടര മുതൽ ഒമ്പത് മണി വരെ നമ്മൾ ഉണ്ടാകും''. കൂട്ടുകാരായ ശങ്കുവിന്റെയും പാച്ചുവിന്റെയും പേരുകളും കുറിപ്പിലുണ്ട്. കൂടെയൊരു കണ്ണടയും.
പെരിങ്ങാരയിലെ വള്ളിയിൽ കൃഷ്ണന്റെ കണ്ണടയാണ് യാത്രക്കിടെ നഷ്ടപ്പെട്ടത്. കണ്ണട അന്വേഷിച്ച് അദ്ദേഹത്തിന്റെ മകൻ ബസ് സ്റ്റോപ്പിൽ എത്തിയതോടെയാണ് കണ്ണടക്കൊപ്പം കുട്ടികളുടെ ഹൃദയഹാരിയായ കുറിപ്പും കരുതലും കണ്ടെത്തിയത്.
കുട്ടികളുടെ കരുതലിനെ കുറിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും സമൂഹ മാധ്യമത്തിൽ കുറിപ്പു പങ്കുവെച്ചു.
സ്കൂളിലേക്ക് പോകുമ്പോൾ കളഞ്ഞുകിട്ടിയ കണ്ണട ഉടമസ്ഥന് തന്നെ തിരികെ കിട്ടാനുള്ള ജാഗ്രതയാണ് കയ്യൂർ-ചീമേനി കൂളിയാട് ഗവ. ഹൈസ്കൂളിലെ എട്ടാം തരത്തിലെ ആദിദേവും ആറിലെ ആര്യതേജും അഞ്ചിലെ നവനീതും കുറിപ്പിലൂടെ ഉറപ്പുവരുത്തിയത്. ഇവരുടെ കരുതലും കുറിപ്പും സാമൂഹിക പ്രതിബദ്ധതയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
അനിൽ കല്യാണി എഴുതി: എന്നെ അത്ഭുതപെടുത്തിയ എന്റെ നാട്ടിലെ കുഞ്ഞു മക്കൾ.. ഈ കുഞ്ഞു മക്കളുടെ ചിന്തയെ എന്ത് വെച്ചാണ് ഞാൻ അളക്കേണ്ടത് ? എന്റെ പ്രിയപ്പെട്ട ആദിയും പാച്ചുവും ശങ്കുവും. നിങ്ങൾക്ക് മുന്നിൽ നമ്മളൊക്കെ വല്ലാതെ ചെറുതാകുന്നോല്ലോ മക്കളെ....
പുതിയകാലത്തെ മക്കളെ പരമ്പരാഗത കണ്ണ് കൊണ്ട് കാണാതെ, പുതിയ കണ്ണും പുതിയ കണ്ണടയും വേണ്ടുന്നത് നമ്മൾ മുതിർന്നവർക്ക് ആണ്. മുതിർന്നവർക്ക് തന്നെയാണ്.
വൈറലായ കുറിപ്പ് പങ്കുവെച്ച് സ്കൂളിലെ പ്രധാനാധ്യാപകൻ അക്കാളത്ത് ഷൗക്കത്തലി ഇങ്ങനെ കുറിച്ചത് എന്റെ സ്കൂളിലെ മക്കളാണ് എന്നായിരുന്നു.
മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ:
"സത്യസന്ധതയും പരസ്പരസഹകരണവും നമ്മുടെ കുട്ടികൾ നമ്മെ പഠിപ്പിക്കുകയാണ്."
ചീമേനിയിൽ സംഭവിച്ച ഒരു ചെറു സംഭവമാണ് ഇപ്പോൾ ഹൃദയം തൊടുന്നത്. കൂളിയാട് ഗവ: ഹൈസ്കൂളിലെ വിദ്യാർത്ഥികളായ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നിവർ സ്കൂൾ ബസിൽ കയറുന്നതിനിടയിൽ വഴിയിൽ വീണുകിട്ടിയ ഒരു കണ്ണട അതിൻ്റെ ഉടമസ്ഥനെ തിരിച്ചുകിട്ടാൻ എഴുതി വെച്ച കത്ത് കൊണ്ടാണ് മാതൃകയായിരിക്കുന്നത്.
"ഈ കണ്ണട വീണു കിട്ടിയതാണ്. ആരും എടുക്കരുത്. ഇതിൻ്റെ ഉടമസ്ഥൻ വന്നു എടുത്തോളു." – ഈ വാക്കുകൾ, കുട്ടികളുടെ നിർമലമായ മനസ്സിന്റെയും സത്യസന്ധതയുടെയും തെളിവാണ്.
അതിയായ അഭിമാനത്തോടെ പറയാം, നമ്മുടെ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ പഠനത്തിലും സാമൂഹ്യജീവിതത്തിലും മറ്റുള്ളവർക്കുള്ള കരുതലിലും മാതൃകകളായി മാറുന്നു.
ആദിയും, പാച്ചുവും, ശങ്കുവും – നിങ്ങളെന്ന കുഞ്ഞുമിടുക്കന്മാരുടെ നീതിബോധം ഇന്നത്തെ സമൂഹത്തിനൊരു പാഠമാണ്.
വിദ്യാഭ്യാസം നമ്മെ അറിവിലേക്ക് മാത്രമല്ല, മനുഷ്യസ്നേഹത്തിൻ്റെ പാതയിലേക്കാണ് നയിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

