റോഡിൽ പാതാളക്കുഴി; യാത്ര ദുരിതം
text_fieldsമൊഗ്രാൽ ഷാഫി മസ്ജിദിനടുത്ത് സർവിസ് റോഡിൽ രൂപപ്പെട്ട കുഴികൾ
മൊഗ്രാൽ: മൊഗ്രാലിൽ സർവിസ് റോഡിൽ രൂപപ്പെട്ട കുഴികൾ യാത്ര ദുരിതമാകുന്നു. മൊഗ്രാൽ ഷാഫി മസ്ജിദിന് സമീപം കലുങ്കിലൂടെ കുത്തിയൊലിച്ച് വരുന്ന വെള്ളത്തെ തടുക്കാൻ ദേശീയപാത നിർമാണ കമ്പനി അധികൃതർ തട്ടിക്കൂട്ടുന്ന ‘സൂത്രപ്പണി’യാണ് കൂനിൻമേൽ കുരുവാകുകയാണ്. കലുങ്കിൽനിന്ന് വരുന്ന മഴവെള്ളം സർവിസ് റോഡിലൂടെ ഒഴുകുന്നതിനാൽ ഇവിടെ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്.
വെള്ളക്കെട്ടിനകത്തുള്ള ഗർത്തങ്ങൾ കാണാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. നിർമാണ കമ്പനി ഉദ്യോഗസ്ഥസംഘം താമസിക്കുന്ന വീടിന് തൊട്ടുമുന്നിലാണ് ഈ തകർച്ച എന്നത് കൗതുകകരമാണ്. ഇത് വലിയ അനാസ്ഥയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കുഴിയടക്കാൻ പല പ്രാവശ്യവും കല്ലും ജെല്ലിപ്പൊടികളും കൊണ്ടിട്ടുവെങ്കിലും മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇത് വെള്ളം ഒഴുകിപ്പോകുന്ന ഓവുചാലിലാണ് വീഴുന്നത്. ഇതുമൂലം ഓവുചാൽ മൂടപ്പെട്ട അവസ്ഥയിലാണ്. ഇത് സമീപപ്രദേശങ്ങളിൽ വലിയ വെള്ളക്കെട്ടിനും കാരണമായിട്ടുണ്ട്.

