ശ്യാംകുമാറിന്റെ ചികിത്സാ തുകയിൽ മിച്ചം വന്നത് സാൻവിയുടെ ചികിത്സക്ക് കൈമാറി
text_fieldsശ്യാംകുമാറിന്റെ ചികിത്സക്ക് സ്വരൂപിച്ച തുകയിൽ മിച്ചം വന്നത് സാൻവിയുടെ ചികിത്സ ഫണ്ടിലേക്ക് കൈമാറുന്നു
ഉദുമ: ശ്യാംകുമാറിന്റെ ചികിത്സക്ക് സ്വരൂപിച്ച തുകയിൽ മിച്ചം വന്ന തുക സാൻവിയുടെ ചികിത്സാ ഫണ്ടിലേക്ക് കൈമാറി. നാലാംവാതുക്കൽ ശ്യാംകുമാറിന്റെ വൃക്ക മാറ്റിവെക്കാൻ വേണ്ടിയാണ് ഫണ്ട് സമാഹരിച്ചത്. എന്നാൽ ചികിത്സ പൂർത്തിയാകും മുമ്പ് ശ്യാംകുമാർ മരണപ്പെട്ടു. ശ്യാംകുമാറിന്റെ ചികിത്സക്കായി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. രാജേന്ദ്രൻ ചെയർമാനായും കമലാക്ഷൻ കൺവീനറായും ജഗദീശൻ ട്രഷറർ ആയും രൂപവത്കരിച്ച ജനകീയ കമ്മിറ്റി 8.5 ലക്ഷത്തോളം തുക സമാഹരിച്ചിരുന്നു.
തുക പൂർണമായും ഉപയോഗിക്കും മുമ്പാണ് ശ്യാംകുമാർ മരണപ്പെട്ടത്. അതിനാൽ ബാക്കി തുക സമാന സ്വഭാവമുള്ള രോഗികൾക്ക് നൽകാനായിരുന്നു കമ്മിറ്റിയുടെ തീരുമാനം. ശ്യാമിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ആറാട്ടുകടവിൽ നടന്ന ചടങ്ങിൽ 23 രോഗികൾക്ക് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ തുക കൈമാറിയിരുന്നു. അതിന് ശേഷം അക്കൗണ്ടിൽ ബാക്കി വന്ന 50,000 രൂപ മജ്ജ മാറ്റിവെക്കൽ ചികിത്സക്ക് നിർദേശിക്കപ്പെട്ട പെരിയാട്ടടുക്കം ബട്ടത്തൂരിലെ സാൻവി എന്ന അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് നൽകാനായിരുന്നു കൂട്ടായ്മയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം സാൻവിയുടെ ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ എം. കുമാരൻ, കൺവീനർ അജയൻ പനയാൽ, ബാബു പനയാൽ എന്നിവർക്ക് ആറാട്ടുകടവ് കൂട്ടായ്മ പ്രവർത്തകർ പണം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

