കുടുംബത്തിന് ‘ശ്രീ’; കുടുംബശ്രീ കേരള ചിക്കന്‍: ജില്ലയില്‍ 17 ലക്ഷംവരെ വരുമാനം
text_fieldsകാറഡുക്ക കേരള ചിക്കന്‍ ഫാം
കാസർകോട്: കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിയിലൂടെ നേട്ടങ്ങള്‍ കൊയ്യുകയാണ് ജില്ല. നിലവില്‍ ജില്ലയില്‍ 13 ഫാമുകളാണുള്ളത്. അജാനൂര്‍, മധൂര്‍ എന്നിവിടങ്ങളിലെ ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തനസജ്ജമായി. പദ്ധതിവഴി ജില്ലയില്‍ പതിനേഴര ലക്ഷത്തിലധികം രൂപയുടെ ലാഭമുണ്ടായി. ജില്ലയിലെ ഉല്പാദനശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഫാമുകളും ഔട്ട് ലെറ്റുകളും തുടങ്ങാന്‍ കുടുംബശ്രീ ജില്ല മിഷന് അപേക്ഷ ക്ഷണിച്ചു.
ഈ പദ്ധതി കാസര്‍കോട്ടെ സംരംഭകര്‍ക്ക് വലിയൊരു വരുമാന മാര്‍ഗമാണ് തുറന്നുനല്‍കുന്നത്. സംരംഭകര്‍ക്കാവശ്യമായ കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ, മരുന്ന് എന്നിവ കുടുംബശ്രീ നേരിട്ട് എത്തിച്ചുനല്‍കും. വളര്‍ത്തുക, വില്‍ക്കുക, ലാഭമെടുക്കുക എന്നത് മാത്രമാണ് സംരംഭകര്‍ ചെയ്യേണ്ടത്. 35 മുതല്‍ 45 ദിവസത്തിനുള്ളില്‍ വളര്‍ത്തുകൂലി നല്കി കോഴികളെ കുടുംബശ്രീതന്നെ തിരികെ എടുക്കുന്നതിനാല്‍ വിപണനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.
ഫാം ആരംഭിക്കാന്‍ താല്പര്യമുള്ളവര്ക്ക് ആയിരത്തിന് മുകളില്‍ കോഴികളെ വളര്‍ത്താനുള്ള സൗകര്യമുണ്ടായിരിക്കണം. ഓരോ കോഴിക്കും 1.2 ചതുരശ്രയടി സ്ഥലം എന്നകണക്കില്‍ കൂടുകള്‍ സജ്ജമാക്കണം. വാഹനസൗകര്യമുള്ള സ്ഥലമായിരിക്കണം ഫാമുകള്‍ക്കായി തിരഞ്ഞെടുക്കേണ്ടത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും തദ്ദേശ സ്ഥാപനത്തിന്റെ ലൈസന്‍സും ഇതിനായി അനിവാര്യമാണ്.
വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഒരുപോലെ ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കും. കേരള ചിക്കന്‍ ഔട്ട് ലെറ്റുകള്‍ തുടങ്ങാനും ജില്ലയില്‍ അവസരമുണ്ട്. 400 ചതുരശ്രയടി വിസ്തീര്‍ണമുള്ള, റിസപ്ഷന്, കട്ടിങ് ഏരിയ, സ്റ്റോക്ക് ഏരിയ എന്നിവയുള്ള കടമുറികളാണ് ഇതിനായി വേണ്ടത്. ഒരേസമയം 200 കോഴികളെ എങ്കിലും സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ടായിരിക്കണം.
എഫ്.എസ്.എസ്.എ.ഐ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, സാനിറ്ററി സര്‍ട്ടിഫിക്കറ്റ്, തദ്ദേശ സ്ഥാപനത്തിൽനിന്നുള്ള ലൈസന്‍സ്, സി.ഡി.എസ് അഫിലിയേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവര്‍ക്ക് ഔട്ട് ലെറ്റുകള്ക്കായി അപേക്ഷിക്കാം.
സംസ്ഥാനമൊട്ടാകെ വലിയ വിജയമാണ് കേരള ചിക്കന്‍ കൈവരിച്ചത്. കഴിഞ്ഞ പുതുവത്സര വിപണിയില്‍ രണ്ടു ദിവസം കൊണ്ട് 1.21 കോടി രൂപയുടെ വിറ്റുവരവ് നേടിയത് നേട്ടമായി. ഗുണമേന്മയുള്ള കോഴിയിറച്ചി കുറഞ്ഞ വിലയ്ക്ക് ജനങ്ങളില്‍ എത്തിക്കുന്നതിനൊപ്പം കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയുമാണ് ഇതിലൂടെയെന്ന് കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ രതീഷ് കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

