ചെയർമാൻ സ്ഥാനം പങ്കുവെപ്പ്; ലീഗ് സംസ്ഥാന കമ്മിറ്റി നിർദേശത്തിന് വിരുദ്ധമെന്ന്
text_fieldsകാസർകോട്: കാസർകോട് നഗരസഭ ചെയർമാൻ സ്ഥാനം ലീഗ് നേതാക്കൾ പങ്കുവെക്കണമെന്ന നിർദേശം സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് എതിര്. ലോക്സഭാ തെരഞ്ഞെടുപ്പുവരെ തദ്ദേശ സ്ഥാപനങ്ങളുടെ ചെയർമാൻ, പ്രസിഡന്റ് സ്ഥാനങ്ങൾ ലീഗ് ഭാരവാഹികൾ രാജിവെക്കേണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വകവെക്കാതെയാണ് പുതിയ നീക്കമെന്നാണ് ഒരു ഭാഗത്തിന്റെ വാദം.
ഡിസംബർ 25ന് ഇതു സംബന്ധിച്ച കത്ത് ലീഗ് സംസ്ഥാന നേതൃത്വം പുറത്തുവിട്ടിട്ടുണ്ട്. ത്രിതല പഞ്ചായത്തുകൾ, നഗരസഭകൾ, എന്നിവിടങ്ങളിൽ അധികാര സ്ഥാനത്തിരിക്കുന്ന മുസ്ലിംലീഗ് പ്രതിനിധികളുടെ പ്രസ്തുത സ്ഥാനങ്ങളിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച ചർച്ചകളും നടപടികളും 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പുവരെ മാറ്റിവെക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശം. പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷം ജില്ല, സംസ്ഥാന നേതൃത്വവുമായി സംസാരിച്ച ശേഷം മാത്രമേ അത്തരം കാര്യങ്ങൾ ചർച്ചക്കെടുക്കാവുവെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശം. ലീഗ് ഭാരവാഹിത്വമുള്ള നിരവധി തദ്ദേശ സ്ഥാപനങ്ങൾ ഈ നിർദേശം കാരണം സ്ഥാനമാറ്റം നിർത്തിവെച്ചിരിക്കുകയാണ്. താനൂർ, പരപ്പനങ്ങാടി, ചെറിയമുണ്ടം, താനൂർ ബ്ലോക്ക് പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടും. സംസ്ഥാന കമ്മിറ്റി ഇതായിരിക്കെ ഈ നിർദേശം മറികടന്നാണ് നഗരസസഭ ചെയർമാനെ മാറ്റുന്നതെന്നാണ് ആക്ഷേപം.
ചെയർമാനെ മാറ്റുന്ന കാര്യം ചെയർമാൻ വി.എം. മുനീറുമായി ചർച്ച ചെയ്തില്ലെന്നാണ് മറ്റൊരു ആക്ഷേപം. 2020ൽ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ലീഗ് ജില്ല പാർലമെന്ററികാര്യ ബോർഡാണ് ചെയർമാൻ സ്ഥാനം പങ്കുവെക്കണമെന്ന് തീരുമാനിച്ചത്. ഈ തീരുമാനം മുനിസിപ്പൽ ലീഗ് കമ്മിറ്റി പ്രസിഡന്റിന് നൽകി. അദ്ദേഹം അത് നഗരസഭ ലീഗ് കമ്മിറ്റിയിലോ നഗരസഭ പാർലമെന്റ് കമ്മിറ്റിയിലോ ചർച്ച ചെയ്യാതെവെച്ചു.
മാധ്യമങ്ങളിൽ കണ്ടതല്ലാതെ നഗരസഭാ ലീഗ് പാർലമെന്ററി ബോർഡിന് ഔദ്യോഗികമായി ഇക്കാര്യം അറിയില്ല. ഇപ്പോൾ രാജിവെക്കണമെന്ന തീരുമാനം മാത്രമാണ് ഔദ്യോഗികമായി ഉള്ളത്. സമാനമായ രീതിയാണ് കോട്ടക്കലിൽ നടന്നത്. സംഘടന രീതിയനുസരിക്കാത്തതിന്റെ പേരിൽ കോട്ടക്കൽ ലീഗ് കമ്മിറ്റി പിരിച്ചുവിട്ടിരിക്കുകയാണ്. സംസ്ഥാന കമ്മിറ്റി തീരുമാനത്തിനു വിരുദ്ധമായി ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ചെയർമാൻസ്ഥാനം രാജിവെക്കണമെന്ന ജില്ല നേതൃത്വത്തിന്റെ നിർദേശം ലീഗിൽ കുഴപ്പങ്ങൾക്ക് തുടക്കമിടാൻ സാധ്യതയുണ്ടെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

