നഗരഭരണം ഷാഹിന സലീമിന്; കെ.എം. ഹനീഫ വൈസ് ചെയർമാനായേക്കും
text_fieldsകാസർകോട് നഗരസഭ ചെയർപേഴ്സൻ സ്ഥാനാർഥി ഷാഹിന സലീമും പ്രവർത്തകരും വിജയാഹ്ളാദത്തിൽ
കാസർകോട്: കാസർകോട് നഗരസഭ ഭരണം ഷാഹിന സലീമിന്. വനിത ലീഗ് ജില്ല ജന. സെക്രട്ടറിയും ചെങ്കള പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു ഇവർ. നഗരസഭയിലേക്ക് മത്സരിക്കാൻ പാർട്ടി ആവശ്യപ്പട്ടപ്പോൾതന്നെ ഷാഹിനയാണ് ചെയർപേഴ്സനെന്ന് ലീഗ് ഉറപ്പിച്ചിരുന്നു. അതേസമയം, കെ.എം. ഹനീഫ വൈസ് ചെയർമാനായേക്കുമെന്നാണ് സൂചന. 17ാം വാർഡ് പള്ളിക്കലിൽനിന്ന് 733 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ കെ.എം. ഹനീഫക്ക് മറ്റാരെക്കാളും ജനപിന്തുണയും പാർട്ടി പിന്തുണയും കൗൺസിലർ എന്നനിലയിലുള്ള മുൻപരിചയവുമുണ്ട്. 825 വോട്ടാണ് ഇദ്ദേഹം നേടിയത്.
കഴിഞ്ഞ ഭരണസമിതിയിലടക്കം അംഗമായിരുന്നു. ഒന്നിലധികം പേരുകൾ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ഉയരുന്നുണ്ടെങ്കിലും മേൽക്കൈ കെ.എം. ഹനീഫക്കു തന്നെയാണെന്നാണ് വിവരം. ഷാഹിന സലീം കാസർകോട് നഗരസഭയിൽ ആദ്യമാണെങ്കിലും ചെങ്കള പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് എന്നനിലയിൽ ഭരണമികവ് കാട്ടിയിട്ടുണ്ട്. ഇവർ 16ാം വാർഡ് തുരുത്തിയിൽനിന്നാണ് നഗരസഭയിലേക്ക് വിജയിച്ചുകയറിയത്.
2015 മുതൽ 2020വരെ ചെങ്കള പഞ്ചായത്ത് പ്രസിഡന്റായ ഷാഹിന തുടർന്ന് വനിത ലീഗിൽ സജീവമായിരുന്നു. പിന്നീട് ജില്ല ജന. സെക്രട്ടറിയായി . ഇക്കുറി നറുക്കെടുപ്പിൽ കാസർകോട് നഗരസഭ ഭരണം സ്ത്രീസംവരണമാണ്. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കലട്ര മാഹിൻ ഹാജിയുടെ ബന്ധുകൂടിയാണ് ഷാഹിന സലീം. കൂടാതെ, പാമ്പര്യമായി മുസ്ലിം ലീഗ് കുടുംബം കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

