വിവാഹ വാഗ്ദാനം നൽകി ലൈംഗികചൂഷണം; ഒരാൾ പിടിയിൽ
text_fieldsപ്രശോഭ്
കാസർകോട്: കേരളത്തിലുടനീളം സ്ത്രീകളെ വശീകരിച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തുവരുന്നയാളെ പൊലീസ് പിടികൂടി. തൃശൂർ കയ്പമംഗലം കൂരിക്കുഴി സ്വദേശി ഷോബി എന്ന പി.എസ്. പ്രശോഭാണ് (36) കാസർകോട് വനിത പൊലീസിന്റെ പിടിയിലായത്.
മോഡലിങ്ങിലും മറ്റും അവസരങ്ങൾ തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചും വിവാഹ വാഗ്ദാനം ഉൾപ്പെടെ നൽകിയുമാണ് ഇയാൾ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. പ്രധാനമായും വിവാഹമോചനം നേടിയ സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യംവെച്ചിരുന്നത്. കാസർകോട് സ്വദേശിനിയുടെ പരാതിയിലാണ് കാസർകോട് വനിത പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. തൃശൂർ ആളൂരിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പരാതിക്കാരായ സ്ത്രീകളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ഇയാളുടെ രീതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാസർകോട് വനിത പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ. അജിത, സ്ക്വാഡ് അംഗങ്ങളായ എസ്.ഐ നാരായണൻ, എ.എസ്.ഐ ഷാജു എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

