പിടിച്ചെടുത്ത വാഹനങ്ങള്‍ തുരുമ്പെടുക്കുന്നു
text_fieldsനീലേശ്വരം പൊലീസ് സ്റ്റേഷനുമുന്നില്‍ ദേശീയപാതയോരത്ത് കൂട്ടിയിട്ട വാഹനങ്ങള്‍
നീലേശ്വരം: വിവിധ കേസുകളിലായി നീലേശ്വരം പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ദേശീയപാതയോരത്ത് തുരുമ്പെടുത്ത് നശിക്കുന്നു. പൊലീസ് സ്റ്റേഷൻ വളപ്പിൽ മതിയായ സ്ഥലസൗകര്യമില്ലാത്തതിനാൽ ദേശീയ പാതയോരത്താണ് വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്.
വർഷങ്ങൾ കഴിഞ്ഞിട്ടും വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ല. മിനിലോറി, കാർ, ബൈക്ക്, ഓട്ടോ തുടങ്ങിയ വാഹനങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. നിയമപരമല്ലാതെ പൂഴികടത്തുന്നതിനിടയിൽ പിടിച്ചെടുത്ത മിനിലോറികളാണ് കൂടുതലും. ഇതിന്‍റെയെല്ലാം കേസുകൾ കോടതിയിൽ കെട്ടിക്കിടക്കുന്നതിനാൽ കേസിന്‍റെ വിധി വരാതെ വാഹനങ്ങൾ ഉടമക്ക് നൽകാൻ പറ്റാത്ത സ്ഥിതിയാണ്. അതുകൊണ്ടുതന്നെ കേസുകൾ വർഷങ്ങളായി നീണ്ട് വിധി വന്നാലും വാഹനങ്ങൾ ഉടമക്ക് ഉപയോഗിക്കാൻ കഴിയാതെ നശിച്ചുപോയിട്ടുണ്ടാകും.
ഇങ്ങനെ പിടിച്ചെടുത്ത വാഹനങ്ങള്‍ ഇരുമ്പുവിലക്ക് ലേലം ചെയ്‌തൊഴിവാക്കാന്‍ അഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും നീലേശ്വരത്ത് ഇതിനുള്ള നടപടിക്രമങ്ങൾ എങ്ങുമെത്തിയില്ല. വാഹത്തിനുമുകളിൽ മറ്റൊരു വാഹനം കയറ്റി വെച്ച നിലയിലും ദേശീയ പാതയോരത്ത് കാണാനാകും. മിക്കവാഹനങ്ങളും മണല്‍ നിറച്ച നിലയിലായതിനാല്‍ കാടുകയറി നിലയിലാണ്. സൗകര്യപ്രദമായ കെട്ടിടമില്ലാതെ വീർപ്പ് മുട്ടി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കൂട്ടിയിട്ട വാഹനങ്ങളും വിലങ്ങ് തടിയാണ്.
പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള എന്‍.കെ.ബി.എം. എ.യു.പി സ്‌കൂളിലെ കുട്ടികളുള്‍പ്പെടെ നടന്നുപോകുന്നതും ഈ വഴിക്കാണ്. തൊട്ടടുത്ത മാര്‍ക്കറ്റ് ജങ്ഷനില്‍ ദേശീയപാത മണ്ണിട്ടുയര്‍ത്തുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇവിടെ ഗതാഗതക്കുരുക്കൊഴിഞ്ഞ നേരവുമില്ല. ദേശീയപാതയിലെ അടിപ്പാത വരുന്നതും പൊലീസ് സ്റ്റേഷനു മുന്നിലാണ്. ബസുകളുള്‍പ്പെടെ ഇതുവഴി തിരിഞ്ഞുവരുന്നതിനുള്ള സ്ഥലസൗകര്യവും കുറവാണ്. ഇതിനിടയിലൂടെ സ്‌കൂള്‍ കുട്ടികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോകാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

