കടൽ പ്രക്ഷുബ്ധം ,ആശങ്കയിൽ തീരദേശം
text_fieldsനീലേശ്വരം മന്ദംപുറം റോഡിന് കുറുകെ മരം പൊട്ടി വൈദ്യുതിക്കമ്പിയിൽ വീണ നിലയിൽ
കാസർകോട്: ജില്ലയിൽ തുടരുന്ന അതിതീവ്ര മഴയിൽ പല പ്രദേശങ്ങളും മഴക്കെടുതിയുടെ ദുരിതമനുഭവിക്കുകയാണ്. കൂടാതെ, ഈ വർഷത്തെ കാലവർഷവും തീരദേശവാസികൾക്ക് ആശങ്കയായി മാറി. കാലവർഷത്തിന്റെ തുടക്കത്തിൽതന്നെ ശക്തമായ കാറ്റും മഴയും കടലിനെ പ്രക്ഷുബ്ധമാക്കിയിട്ടുണ്ട്. തീരദേശങ്ങളിൽ വലിയ കടൽ തിരമാലകൾ രൂപപ്പെടുന്നുണ്ട്. കടലേറ്റം തടയാനുള്ള ഇറിഗേഷൻ-ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾക്കൊന്നും ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടുമില്ല.
ജില്ലയിലെ തീരപ്രദേശങ്ങളിൽ കാലവർഷങ്ങളിൽ വലിയതോതിലുള്ള കടൽക്ഷോഭമാണ് ഉണ്ടാകാറുള്ളത്. മഞ്ചേശ്വരം മുതൽ വലിയപറമ്പ് വരെയുള്ള തീരപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ വർഷങ്ങളായി കടലാക്രമണ ദുരന്തത്തിൽ കഴിയുന്നവരാണ്. അതുകൊണ്ടുതന്നെ ഓരോ കാലവർഷവും തീരദേശവാസികൾ നെഞ്ചിടിപ്പോടെയാണ് കഴിഞ്ഞുകൂടുന്നത്.
മുൻകാലങ്ങളിൽ തീരസംരക്ഷണത്തിനായി നിർമിച്ച കടൽഭിത്തികൾ തീരസംരക്ഷണത്തിന് ഉതകുന്നതല്ലെന്ന് തീരദേശവാസികൾ പരാതി പറയുന്നുണ്ട്. ഇതിന് ശാസ്ത്രീയമായ പദ്ധതികളാണ് ആവശ്യമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
തീരസംരക്ഷണത്തിന് ടെട്രാപോഡുകൾ ഉപയോഗപ്പെടുത്തി തീരസംരക്ഷണ പദ്ധതി നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും ആവശ്യം. ഇതുസംബന്ധിച്ച് സർക്കാറിന്റെ കരുതലും കൈത്താങ്ങും അദാലത്തിൽ മൊഗ്രാൽ ദേശീയവേദി നിവേദനവും സമർപ്പിച്ചിരുന്നു.
ഈ ആവശ്യം സർക്കാറിന്റെ പരിഗണനയിലാണെന്ന് ജില്ല ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് അധികൃതർ പറഞ്ഞെങ്കിലും പദ്ധതി നടപ്പിലാക്കുന്നതിലെ കാലതാമസമാണ് തീരദേശവാസികളെ ആശങ്കയിലാക്കുന്നത്.
കാഞ്ഞങ്ങാട്: ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞു വീഴായാറായ കൂറ്റൻ പരസ്യ ബോർഡ് സുരക്ഷിതമാക്കി കാഞ്ഞങ്ങാട് അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ. അതിഞ്ഞാൽ പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ മൂന്നുനില കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡാണ് കഴിഞ്ഞ ദിവസം രാത്രി മറിഞ്ഞുവീഴാനായത്. വിവരമറിഞ്ഞ ഉടൻ അഗ്നിരക്ഷ സേനയെത്തി മണിക്കൂറുകളെടുത്ത് ഇരുമ്പ് ബോർഡിനെ കെട്ടി സുരക്ഷിതമാക്കി പരസ്യ സ്ഥാപന ഉടമയെ വിവരമറിയിച്ചു. ഇവരെത്തി ഫ്ലക്സ് കീറിക്കളഞ്ഞതോടെയാണ് അപകടം ഒഴിവായത്.
പൂച്ചക്കാട് തെക്കുപുറം റോഡിൽ രാത്രി മരം കടപുഴകി. അഗ്നിരക്ഷ സേനയും നാട്ടുകാരുമാണ് മരം മുറിച്ചുമാറ്റിയത്. തടസ്സപ്പെട്ട ഗതാഗതം ഇതിനുശേഷം പുനഃസ്ഥാപിച്ചു. കോടോംതട്ടുമ്മൽ പൊടവടുക്കത്ത് പോസ്റ്റ്മാൻ ദാമോദരന്റെ വീടിനു മുകളിൽ തെങ്ങ് കടപുഴകി. ഓടിട്ട വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്.
ചെറുവത്തൂർ-ചീമേനി റോഡിൽ ആനിക്കാടിയിൽ മരം പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു. പിന്നീട് നാട്ടുകാർ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കാറ്റും മഴയും തുടരുന്നതിനിടെ പല ഭാഗങ്ങളിലും മരം കടപുഴകുന്നത് പതിവായി. വൈദ്യുതി വിതരണം നിലച്ചത് ജനങ്ങളെ വലക്കുന്നുണ്ട്.
കുമ്പള: ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. കളത്തൂർ ചെക് പോസ്റ്റ് ശ്രീനഗറിലെ ജഗന്നാഥയുടെ വീടാണ് ഞായറാഴ്ച രാത്രി തകർന്നത്. വീടിന്റെ ഓടും ഷീറ്റും മേഞ്ഞ മേൽക്കൂര മുഴുവനായും തകർന്നു. ജഗന്നാഥയും ഭാര്യയും മക്കളും വീടിനകത്ത് ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടം. ശബ്ദംകേട്ട് ഉണർന്ന് പുറത്തേക്കോടിയതിനാൽ വീട്ടുകാർ രക്ഷപ്പെട്ടു. വീട് തകർന്നുവീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ അയൽക്കാരും നാട്ടുകാരും കുടുംബത്തെ മാറ്റി.
മറ്റൊരു സംഭവത്തിൽ വീട്ടുമുറ്റത്തെ കിണർ താഴ്ന്നു. കളത്തൂർ ആറോളി മൂല മുഹമ്മദ് കുഞ്ഞിയുടെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.
കാഞ്ഞങ്ങാട്: ഇരിയ മണ്ടേങ്ങാനത്ത് മരം പൊട്ടിവീണ് ട്രാൻസ്ഫോർമർ തകർന്നു. ഏഴ് പോസ്റ്റുകളും തകർന്നു. തിങ്കളാഴ്ചയാണ് സംഭവം. ട്രാൻസ്ഫോർമറും പോസ്റ്റുകളും തകർന്നതോടെ പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ അപകടാവസ്ഥയിലായ മരം നേരത്തെതന്നെ മുറിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഉടമ അതിന് തയാറായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കെ.എസ്.ഇ.ബി അധികൃതർ ഒരു കൊമ്പുമാത്രം മുറിച്ചുനീക്കുകയും ചെയ്തു. ഈ മരമാണ് നിലംപൊത്തിയത്. മണ്ടേങ്ങാനം, ബാലൂർ പ്രദേശത്തെ നൂറോളം വീട്ടുകാരാണ് ഇതോടെ ഇരുട്ടിലായത്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ രണ്ടു ദിവസമെടുക്കും.
എന്നാൽ, മരം മുറിക്കാൻ തയാറായില്ലെന്ന പരാതിയിൽ വാസ്തവമില്ലെന്ന് സ്ഥലമുടമ മണ്ടേങ്ങാനത്തെ കെ.വി. രുഗ്മിണി അറിയിച്ചു. കാലവർഷം ആരംഭിച്ചതോടെ വൈദ്യുതി വിതരണം നിലക്കുന്നത് പതിവായി. ദിവസങ്ങളായി മലയോരത്തുൾപ്പെടെ വൈദ്യുതിവിതരണം മുടങ്ങുന്നത് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

