സ്കൂളുകൾ ഒരുങ്ങി; ഇന്ന് മണിമുഴങ്ങും
text_fieldsനവാഗതരെ വരവേൽക്കാൻ ചന്തേര ഇസ്സത്തുൽ ഇസ് ലാം എ.എൽ.പി സ്കൂളിൽ ഒരുക്കിയ പുഞ്ചിരിപ്പൂക്കൾ
കാസർകോട്: കാലവർഷം കലിതുള്ളിപ്പെയ്ത നാളുകൾക്കുശേഷം കാർമേഘം മാറി, മാനമൊന്ന് തെളിഞ്ഞനാളിൽ ഇന്ന് സ്കൂളുകൾ തുറന്നു. രക്ഷകർത്താക്കളുടെ കൈപിടിച്ച് സ്കൂളിലെത്തുന്ന പഴയ കാലം മാറി. ഇന്ന് വീട്ടുമുറ്റത്തുതന്നെ സ്കൂൾ ബസ് വരുന്ന കാലമാണ്. വിദ്യാഭ്യാസവകുപ്പ് വലിയ മുന്നൊരുക്കമാണ് എന്നത്തേയും പോലെ ഇപ്രാവശ്യവും നടത്തിയത്. സ്കൂൾ തുറക്കുന്നതിനുമുന്നേ പാഠപുസ്തക വിതരണം ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. സ്കൂൾ തുറന്നാലും പാഠപുസ്തകങ്ങൾ എട്ടു ദിവസം തുറക്കില്ല.
വിദ്യാർഥികൾക്ക് സാമൂഹിക ജീവിതത്തിൽ പുലർത്തേണ്ട കടമകളെ കുറിച്ചും മറ്റുമായിരിക്കും ക്ലാസ്. അതിനുശേഷം മാത്രമേ പാഠഭാഗങ്ങൾ തുറക്കുകയുള്ളൂ എന്നതും സ്കൂൾ ചരിത്രത്തിലെ ആദ്യത്തെ അനുഭവമായി മാറും വിദ്യാർഥികൾക്ക്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിദ്യാഭ്യാസവകുപ്പ് ഇപ്രാവശ്യം ഊന്നൽ നൽകിയിരിക്കുന്നത്. നേരത്തേ അധ്യാപകർക്ക് അഞ്ചുദിവസത്തെ പരിശീലനം നൽകിയിരുന്നു. ഇപ്രാവശ്യം രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ മാറിയിട്ടുണ്ട്.
കുട്ടികളുടെ ജീവിതരീതിയുമായി ബന്ധപ്പെട്ടുള്ള പഠനമാണ് വകുപ്പ് ആഗ്രഹിക്കുന്നത്. മാർക്ക് കിട്ടുക, ഗ്രേഡ് കിട്ടുക എന്നതിലുപരി വിദ്യാർഥികളുടെ സർഗാത്മകത ഉയർത്തിക്കൊണ്ടുവരാനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ഉപദേശനിർദേശങ്ങളും നൽകിക്കൊണ്ടായിരിക്കും ക്ലാസുകൾ തുടങ്ങുക. ലഹരിക്കെതിരെ ഇത്തവണയും വിപുലമായ പ്രവർത്തനങ്ങളാണ് നടക്കുക. ജില്ലയിൽ എൽ.പി സ്കൂളുകൾ 268ഉം യു.പി സ്കൂളുകൾ 159ഉം ഹൈസ്കൂളുകൾ 126ഉം ഹയർസെക്കൻഡറി സ്കൂളുകൾ 66ഉം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളുകൾ 21ഉം ടി.ടി.ഐ നാലും സ്പെഷൽ സ്കൂളുകൾ രണ്ടും കേന്ദ്രീയവിദ്യാലയം നാലും ഒരു ജവഹർ നവോദയ വിദ്യാലയവുമടക്കം ആകെ 651 വിദ്യാലയങ്ങളാണുള്ളത്.
ജില്ലതല ഉദ്ഘാടനം മടിക്കൈയിൽ
പ്രവേശനോത്സവത്തിന്റെ ജില്ലതല ഉദ്ഘാടനം ജി.വി.എച്ച്.എസ്.എസ് മടിക്കൈയിൽ 2 (മേക്കാട്ട്) നടക്കും. ഇതിനുപുറമേ ജില്ലയിലെ 592 പൊതുവിദ്യാലയങ്ങളിലും പ്രവേശനോത്സവം നടക്കും.
രാവിലെ 10ന് മടിക്കൈ മേക്കാട്ട് വെച്ച് പ്രവേശനോത്സവം ജില്ലതല ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷതവഹിക്കും. ഇ. ചന്ദ്രശേഖരൻ എം.എൽ.എ മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

