പരീക്ഷ ഡ്യൂട്ടി കണ്ട് പരക്കം പാഞ്ഞ് അധ്യാപകർ
text_fieldsകാസർകോട്: ഇന്ന് തുടങ്ങുന്ന പരീക്ഷകളിൽ വിദ്യാഭ്യാസ വകുപ്പിന്റെ പരീക്ഷ ഡ്യൂട്ടി ഉത്തരവ് കണ്ട് പകച്ച് പരക്കംപാഞ്ഞ് അധ്യാപകർ. ആദ്യമിറങ്ങിയ ഉത്തരവിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി ഡ്യൂട്ടി ലഭിച്ച അധ്യാപകർ സ്കൂളിലെ പരീക്ഷകൾ കഴിഞ്ഞ് മാതൃവിദ്യാലയത്തിലെത്തി അവിടെ എൽ.പി, യു.പി ഹൈസ്കൂൾ പരീക്ഷകൾ നടത്തണമെന്നായിരുന്നു പറഞ്ഞിരുന്നത്.
വ്യാപക പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് മാറ്റി. 15ഉം 20ഉം കിലോമീറ്റർ ദൂരെ ഡ്യൂട്ടിയിലുള്ള അധ്യാപകർ സ്വന്തം വാഹനങ്ങളില്ലെങ്കിൽ എങ്ങനെ സ്വന്തം സ്കൂളിൽ പരീക്ഷ നടത്താനെത്തും എന്നായിരുന്നു ചോദ്യം. ഇൻവിജിലേറ്ററായി നിയോഗിക്കപ്പെട്ടവർ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി ഡ്യൂട്ടിയെടുത്ത അതേ സ്കൂളിൽ ഉച്ചകഴിഞ്ഞ് എൽ.പി, യു.പി പരീക്ഷകളും നടത്തണമെന്നായി.
ഇനി അവിടെ സ്കൂളിൽ പ്രൈമറി സ്കൂളിൽ പരീക്ഷ നടത്താൻ അധ്യാപകരെ കിട്ടാതായാൽ അടുത്ത സ്കൂളിൽനിന്ന് ആളെ വിളിച്ച് പരീക്ഷ നടത്തണമെന്നായി. അവിടെ അധ്യാപകരില്ലെങ്കിൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇതൊന്നും പ്രായോഗികമല്ലെന്നാണ് അധ്യപകർ പറയുന്നത്.
ഇന്ന് മിക്ക സ്കൂളുകളിലും പ്രൈമറി പരീക്ഷ നടത്താൻ അധ്യാപകരില്ലാതെ വരുന്ന സ്ഥിതിയാകുമെന്നാണ് പറയുന്നത്. കാരണം അടുത്ത സ്കൂളിൽനിന്ന് അധ്യാപകരെ വിളിച്ചുവരുത്താൻ സമയമില്ല എന്നതു തന്നെ കാരണം. അധ്യാപകർക്ക് പരീക്ഷ ഡ്യൂട്ടി നൽകിയ ഉത്തരവിനുശേഷം വനിത ദിനത്തിൽ ഇറക്കിയ ഉത്തരവ് വനിത അധ്യാപകർക്ക് ദുർദിനമായി മാറിയെന്നാണ് അധ്യാപക ഗ്രൂപ്പുകളിൽ അധ്യാപികമാരുടെ കമൻറ്.
‘എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഇൻവിജിലേറ്റർ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന അധ്യാപകർ യു.പി ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷാ ഡ്യൂട്ടി കൂടി നിർവഹിക്കേണ്ടതാണ് എന്നും ഇൻവിജിലേഷൻ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകർ അതേ സ്കൂളിലെ പരീക്ഷ ഡ്യൂട്ടി നിർവഹിക്കണമെന്നും ഏതെങ്കിലും സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് ആളില്ലാതെ വന്നാൽ അടുത്ത സ്കൂളിൽനിന്ന് അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പരീക്ഷ നടത്തിപ്പ് സുഗമമാക്കാൻ ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർ ശ്രദ്ധിക്കണമെന്നുമാണ് നിർദേശം.
എസ്.എസ്.എൽ.സി പരീക്ഷ രണ്ടുമാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. സാധാരണ രീതിയിൽ ഇൻവിജിലേഷൻ ഡ്യൂട്ടിയും നിശ്ചയിക്കപ്പെടും. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇടയിൽ ഒഴിവുകളിലാണ് മറ്റ് പരീക്ഷകൾ നടത്താറുള്ളത്. മാർച്ച് 30നകം പരീക്ഷകൾ എല്ലാം പൂർത്തിയാകാറുമുണ്ട്.
എന്നാൽ, രണ്ടുമാസം ഇടവേള ലഭിച്ചിട്ടും ക്രമീകരണങ്ങൾ നടത്താനുള്ള നിർദേശങ്ങളൊന്നും നൽകിയില്ല. ഇതോടെ ആകെ അങ്കലാപ്പിലായിരിക്കുകയാണ് അധ്യാപകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

