കണ്ണിന് കുളിരേകി ശശിയുടെ സൂര്യകാന്തിപ്പൂക്കൾ
text_fieldsതൈക്കടപ്പുറത്തെ ശശിധരനും മകൾ വൃന്ദയും സൂര്യകാന്തി കൃഷിയിടത്തിൽ
നീലേശ്വരം: തീരപ്രദശമായ തൈക്കടപ്പുറത്ത് പരീക്ഷണാടിസ്ഥാനത്തിൽ വിത്തിട്ട സൂര്യകാന്തിയിൽ നൂറുമേനി വിളവ്. ജൈവകർഷകനായ തൈക്കടപ്പുറത്തെ ശശിധരനാണ് കണ്ണിനും മനസ്സിനും കുളിരേകി വീട്ടുവളപ്പിൽ സൂര്യകാന്തി വിളയിച്ചത്. വയനാട്ടിൽനിന്നാണ് ഇതിന്റെ വിത്ത് എത്തിച്ച് അഞ്ചു സെന്റിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിചെയ്തത്.
30 വർഷമായി വ്യത്യസ്ത കൃഷിരീതിയിലൂടെ ശ്രദ്ധേയനായ ശശിധരൻ ചെറുപ്രായത്തിലേ കർഷകരായ മാതാപിതാക്കളോടൊപ്പം വയലിലിറങ്ങിയാണ് കൃഷിരീതി സ്വായത്തമാക്കിയത്. നാട്ടിൻപുറങ്ങളിൽ സാധാരണ കാണുന്ന പച്ചക്കറികൾക്കുപകരം ഇതരസംസ്ഥാനങ്ങളിൽ കൃഷിചെയ്യുന്ന ഉരുളക്കിഴങ്ങ്, കടുക്, ചോളം, കാരറ്റ്, ബീറ്റ് റൂട്ട്, ചെറുപയർ തുടങ്ങി മാറിമാറി പരീക്ഷിച്ച കൃഷിയിലെല്ലാം ഇദ്ദേഹത്തിന് നൂറുമേനി വിളവാണ് ലഭിച്ചത്. അടുത്ത സീസണിൽ ഒന്നര ഏക്കർ സ്ഥലത്ത് സൂര്യകാന്തിച്ചെടി കൃഷി ചെയ്യുമെന്ന് ശശിധരൻ പറഞ്ഞു.
ജൈവവളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുന്ന ശശിധരന് 2015, 2017ൽ ജില്ലയിലെ മികച്ച ജൈവകർഷകനുള്ള അവാർഡ് ലഭിച്ചിരുന്നു. ഭാര്യ ശ്രീനയും പത്താം ക്ലാസ് വിദ്യാർഥിനിയായ വൃന്ദയും പിന്തുണയുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

