വാർഡംഗത്തിന്റെ പറമ്പിൽ മാലിന്യം: പിഴചുമത്തി ശുചിത്വ മിഷൻ
text_fieldsബദിയടുക്ക: മാലിന്യം തള്ളുന്നതിന് കാവൽ നിൽക്കേണ്ട പഞ്ചായത്ത് ജനപ്രതിനിധിതന്നെ പറമ്പിൽ മാലിന്യം കൂട്ടിയിട്ടതിൽ പരാതി. വിവരമറിഞ്ഞ ശുചിത്വമിഷൻ ജില്ല സ്ക്വാഡ് സംഘം സംഭവസ്ഥലത്തെത്തി പിഴചുമത്തി. ബദിയടുക്ക പഞ്ചായത്തിലെ പള്ളത്തടുക്ക കൂളിക്കാനയിലെ പറമ്പിലാണ് മാലിന്യച്ചാക്ക് തള്ളിയത്. പഞ്ചായത്ത് മെംബർ ഹമീദ് പള്ളത്തടുക്കയുടെ കുടുംബപരമായ സ്വത്തിലാണ് മാലിന്യം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഹോട്ടലുകളിലെ പഴയഭക്ഷണം ഉൾപ്പെടെ പ്ലാസ്റ്റിക് കവറിൽ കെട്ടിക്കൊണ്ടുവന്നാണ് തള്ളിയത്. മാലിന്യം കൂട്ടിയിട്ടതിനാൽ പരിസരത്താകെ ദുർഗന്ധം പടരുകയാണ്.
പകർച്ചവ്യാധി പകരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് ജനപ്രതിനിധി സാമൂഹികപ്രതിബദ്ധത കാട്ടില്ലെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. അശാസ്ത്രീയമായി മൂടുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും ചെയ്ത പ്രവൃത്തിക്ക് പിഴചുമത്തൽ പോരെന്നും മെംബർക്കെതിരെ കേസെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മാലിന്യമുക്തമായി പ്രഖ്യാപിച്ച ബദിയടുക്ക പഞ്ചായത്ത് ഭരണസമിതിയിലെ മെംബർതന്നെ മാലിന്യം കൂട്ടിയിട്ടതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.
അതേസമയം, താൻ അറിഞ്ഞുകൊണ്ട് ചെയ്ത പ്രവൃത്തിയല്ലെന്നും കുടുംബസ്വത്താണന്നും ആരെങ്കിലും വലിച്ചെറിഞ്ഞതായിരിക്കാമെന്നും നിലവിൽ തള്ളിയ മാലിന്യം എടുത്തുമാറ്റി പറമ്പ് സുരക്ഷിതമാക്കുമെന്നും പഞ്ചായത്ത് മെംബർ ഹമീദ് പള്ളത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

