മംഗളൂരു: മംഗളൂരുവിലെ സെൻറ് അലോഷ്യസ് കോളജിലെ പാർക്കിന് മനുഷ്യാവകാശ പ്രവർത്തകനായ ഫാ.സ്റ്റാൻ സ്വാമിയുടെ പേര് നൽകുന്നതിനെതിരെ ഭീഷണിയുമായി വിവിധ സംഘ്പരിവാർ സംഘടനകൾ. കോളജിലെ പാർക്കിന് കഴിഞ്ഞ ദിവസം നടക്കാനിരുന്ന നാമകരണ ചടങ്ങ് കോളജ് അധികൃതർ മാറ്റിവെച്ചിരുന്നു. കോളജിലെ പാർക്കിന് ഫാ.സ്റ്റാൻ സ്വാമിയുടെ പേര് നൽകരുതെന്നും ഫാ.സ്റ്റാൻ സ്വാമി വ്യാജ മനുഷ്യാവകാശ പ്രവർത്തകനും തീവ്രവാദിയും അർബൻ-നക്സലുമാണെന്നും കോളജ് അധികൃതരുടെ നിലപാട് രാജ്യത്തിെൻറ അഖണ്ഡതക്ക് വെല്ലുവിളി ഉയർത്തുന്നതാണെന്നും ഇവർ ആരോപിച്ചു. വർഷങ്ങളായി കേന്ദ്ര, സംസ്ഥാന സർക്കാറുകളിൽ നിന്ന് വിവിധ ഗ്രാൻറുകൾ സ്വീകരിച്ച് കൊണ്ടിരിക്കുന്ന കോളജ് ഒരു രാജ്യദ്രോഹിയുടെ പേര് കോളജിലെ പാർക്കിന് നൽകുന്നത് സംശയകരമാണെന്നും എ.ബി.വി.പി കർണാടക സംസ്ഥാന സെക്രട്ടറി മണികണ്ഠൻ മംഗളൂരുവിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മംഗളൂരു യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ രമേശ്, രവിചന്ദ്ര, വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ശരൺ പമ്പ്‌വേൽ, ഹിന്ദു ജാഗരൺ വേദികെ നേതാവ് കിഷോർ കുമാർ, ബജ്‌റംഗ്ദൾ മേധാവി പുനീത് അതാവർ, എ.ബി.വി.പി ജില്ല കൺവീനർ നിഷാൻ ആൽവ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.