സമസ്ത ശതാബ്ദി; ആത്മീയ തീർഥാടന കേന്ദ്രമായി കുണിയ
text_fieldsസമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രബോധക സംഗമം പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: കേരളംകണ്ട സമ്മേളന ചരിത്രങ്ങളിൽ പുതിയ അധ്യായം ചേർത്ത് സമസ്തയുടെ ശതാബ്ദി സമ്മേളനം അരങ്ങേറുന്ന കുണിയ ആത്മീയ തീർഥാടന കേന്ദ്രമായി. വെള്ളിയാഴ്ച 33,315 അംഗങ്ങളുടെ ക്യാമ്പ് തുടങ്ങുന്നതോടെ ലോകശ്രദ്ധയിലേക്ക് കടക്കുന്ന ഇസ്ലാമിക സമ്മേളനമായി സമസ്തയുടെ ശതാബ്ദി സംഗമം മാറും.
ഗിന്നസ് റെക്കോഡിലേക്ക് തന്നെ പ്രവേശിക്കുന്നതിനുള്ള ശ്രമമായി സമ്മേളനത്തെ ഉയർത്തുമെന്ന് ഉദ്ഘാടന വേദിയിൽ ഭാരവാഹികൾ പ്രഖ്യാപിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. 2024 ജനുവരി 28ന് ബംഗളൂരുവിലാണ് ശതാബ്ദി സമ്മേളനത്തിന് കുണിയ തിരഞ്ഞെടുക്കപ്പെട്ടത്. കുണിയയിൽ പുതുതായി ഉയർന്ന കുണിയ എജുക്കേഷനൽ ട്രസ്റ്റിന്റെ കോളജ് മൈതാനം സമ്മേളനത്തിന് തിരഞ്ഞെടുക്കപ്പെട്ടതോടെ ഒരുക്കം ആരംഭിച്ചിരുന്നു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ചുവടുതെറ്റാത്ത ചിട്ടകളിലൂടെ കുണിയ ശതാബ്ദി സമ്മേളനത്തിലേക്ക് വളരുകയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട 3133 വളന്റിയർമാരും സമസ്ത ഭാരവാഹികളും നിതാന്ത ജാഗ്രതയോടെ സമ്മേളന നഗരിയിൽ ഒരു വർഷത്തോളം സക്രിയമായി. 300 ഏക്കറോളം വരുന്ന കോളജ് മൈതാനത്തിൽ പന്തലുകൾ ഉയരാൻ തുടങ്ങിയതോടെ പൊതു ജനശ്രദ്ധയേറി. 1000 ബസുകളും ചെറുവാഹനങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങിയത് ചരിത്രമായി. ഉദ്ഘാടന സമ്മേളനത്തിലേക്ക് ശുഭ്രവസ്ത്രധാരികളുടെ അണമുറിയാത്ത പ്രവാഹം കുണിയയെ ഒരു ‘മിന’യാക്കി മാറ്റി. മതസമ്മേളനത്തിനപ്പുറത്ത് എല്ലാ ജാതി, മതസ്ഥർക്കും കൗതുകവും അത്ഭുതവുമായി സമ്മേളനം മാറി.
പോഷക സംഘടനകള്‍ സമസ്തയുടെ തീരുമാനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം -ജിഫ്രി തങ്ങള്‍
കുണിയ: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ഉപദേശങ്ങളും തീരുമാനങ്ങളും പൂര്‍ണമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പോഷക സംഘടനകൾ ബാധ്യസ്ഥരാണെന്ന് സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തോടനുബന്ധിച്ച് നടന്ന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൂര്‍വികരായ മഹാന്മാര് സ്ഥാപിച്ച പ്രസ്ഥാനമാണിത്. ഇതിനെ ഇകഴ്ത്താനോ വിള്ളല്‍ വീഴ്ത്താനോ ആരും ശ്രമിക്കരുത്. സംഘടനയില്‍ അഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ പോഷക സംഘടനകള്‍ക്ക് കഴിയണം. ഏൽപിക്കപ്പെട്ട ഉത്തരവാദിത്തം നിറവേറ്റണം. സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടിയല്ല, സംഘടനക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. സംഘടനയെ ശക്തിപ്പെടുത്തുകയെന്ന ബോധത്തോടെയാണ് പോഷക സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇതില്‍ കളങ്കമുണ്ടാവരുത്. ഓരോ പ്രവര്‍ത്തനത്തിലും ആത്മാർഥത വേണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്ത സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് അധ്യക്ഷതവഹിച്ചു. കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തി. എ.വി അബ്ദുറഹ്മാന് മുസ്ലിയാര് ആമുഖ പ്രഭാഷണം നടത്തി. 33 പേര്‍ക്ക് ഇസ്തിഖാമ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.
ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍ (സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്), കുടക് അബ്ദുറഹ്മാന് മുസ്ലിയാര് (ജംഇയ്യതുല്‍ മുഅല്ലിമീന്‍), യു. മുഹമ്മദ് ശാഫി ചെമ്മാട് (സുന്നി മഹല്ല് ഫെഡറേഷന്), സുലൈമാന്‍ ദാരിമി ഏലംകുളം (ജംഇയ്യതുല്‍ ഖുത്വബാഅ്), സി.കെ. മൊയ്തീന് ഫൈസി, പുത്തനഴി മൊയ്തീന് ഫൈസി കെ.എച്ച്. കോട്ടപ്പുഴ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ഒ.പി. അഷ്റഫ് കുറ്റിക്കടവ്, ശാഹുല്‍ ഹമീദ് മേല്‍മുറി, കെ.എം. കുട്ടി ഫൈസി, ഇസ്മാഈല്‍ കുഞ്ഞ് ഹാജി മാന്നാര്‍, കെ.ടി. കുഞ്ഞുമോന് ഹാജി വാണിയമ്പലം, അലി ഉനൈസ് തങ്ങള്‍ ജമലുല്ലൈലി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

