വിഷം ചേർത്ത് പഴകിയ മത്സ്യവിൽപന വ്യാപകം; പരിശോധനയില്ല
text_fieldsവിൽപനക്കുവെച്ച പഴകിയ മത്സ്യങ്ങൾ
മൊഗ്രാൽ: ജില്ലയിൽ മത്സ്യമാർക്കറ്റുകളിലും പാതയോരത്തും ഗ്രാമീണ മേഖലകളിലുമെല്ലാം പഴകിയ മീൻ കച്ചവടം തകൃതി. ഇടക്കാലത്ത് പരിശോധനയും മറ്റും നടന്നിരുന്നുവെങ്കിലും ഇപ്പോൾ ആരോഗ്യവകുപ്പിന്റെ അന്വേഷണമില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽനിന്ന് മീൻ ലഭിക്കാത്തതാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പഴകിയ മത്സ്യങ്ങൾക്ക് കടന്നുവരാൻ ഇടവരുന്നത്. മത്സ്യം കേടു വരാതിരിക്കാനുള്ളതും മനുഷ്യശരീരത്തിന് ഹാനികരവുമായ ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസപദാർഥങ്ങൾ ചേർത്താണ് വിൽപന നടത്തുന്നത്. ഫോർമാലിനാകട്ടെ മൃതദേഹങ്ങൾ കേടുവരാതെ സൂക്ഷിക്കാനുള്ള രാസ പദാർഥമായാണ് അറിയപ്പെടുന്നത്.
നേരത്തെ ട്രോളിങ് നിരോധന സമയത്തായിരുന്നു ഇത്തരത്തിൽ അന്യസംസ്ഥാനത്തുനിന്ന് വരുന്ന പഴയ മത്സ്യങ്ങളുടെ വിൽപനയെങ്കിൽ കഴിഞ്ഞ ഒരു വർഷമായി തുടരുന്ന കടലിലെ മത്സ്യക്ഷാമം മുതലെടുത്താണ് പഴകിയ മത്സ്യങ്ങളുടെ വിൽപന. മുൻകാലങ്ങളിൽ പഴകിയതും ചീഞ്ഞതുമായ മത്സ്യവിൽപന ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധിക്കുകയും പിടികൂടുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ നടപടികളില്ല. തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് പഴകിയ മത്സ്യങ്ങൾ കൊണ്ടുവരുന്നത്. ഇവിടങ്ങളിൽനിന്ന് സംഭരിക്കുന്ന മത്സ്യങ്ങളാണ് മാസങ്ങൾക്ക് ശേഷം മത്സ്യക്ഷാമം നേരിടുന്ന സന്ദർഭങ്ങളിൽ കേരളത്തിലെത്തുന്നത്. ഇതു വാങ്ങാൻ ഇടനിലക്കാരും, കച്ചവടക്കാരുമുണ്ട്. ചെറുതും വലുതുമായ അയല, ചൂര, മാന്തൾ, ഞണ്ട്, കൂന്തൽ, ചെമ്മീൻ തുടങ്ങിയ മീനുകളാണ് രാസപദാർഥങ്ങൾ ചേർത്ത് ജില്ലയിലെത്തുന്നത്.
രാസപദാർഥങ്ങളുടെ ദൂഷ്യഫലങ്ങൾ അറിയാതെയാണ് മത്സ്യ വിൽപനക്കാർ ഇത് വിറ്റഴിക്കുന്നത്. മത്സ്യ വിൽപന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കർശന പരിശോധന വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

