മേൽക്കൂര ദേഹത്തുവീണ വയോധികന് പുതുജീവൻ
text_fieldsഅബ്ദുറഹീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോർ
തൃക്കരിപ്പൂർ: കിടപ്പുമുറിയുടെ മേൽക്കൂര തകർന്ന് അടിയിൽപെട്ട വയോധികന് സമയോചിത ഇടപെടലിൽ പുതുജീവൻ. തൃക്കരിപ്പൂർ ബീരിച്ചേരി സി.കെ റോഡിനു സമീപത്തെ എം.ബി. അബ്ദുറഹീമാണ് (78) മരംകൊണ്ടുള്ള മച്ചിനടിയിൽ അകപ്പെട്ടത്.
വാർധക്യ സഹചമായ അസുഖത്തെതുടർന്ന് ചികിത്സയിൽ കഴിയുന്ന ഇദ്ദേഹം മുറിയിൽ വിശ്രമിക്കുമ്പോഴാണ് മേൽക്കൂര താഴേക്ക് പതിച്ചത്. വാർഡ് മെംബർ ഫായിസ് ബീരിച്ചേരി എത്തിയാണ് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചത്. മേൽക്കൂരയിലെ മരവും മണ്ണും ഉൾപ്പെടെ പതിച്ച് തലയുടെ ഒരുഭാഗവും ശരീരവും മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു.
കഴുത്തിൽ കുരുങ്ങിയ നിലയിൽ കണ്ട ഇരുമ്പ് പൈപ്പും മരക്കഷണങ്ങളും ഫായിസ് വേർപെടുത്തി. മണ്ണിൽ പുതഞ്ഞ കഴുത്തിന്റെ ഭാഗം ഉയർത്തിവെച്ച് ദേഹത്തുണ്ടായിരുന്ന വസ്തുക്കൾ മാറ്റിയപ്പോൾ ജീവന്റെ തുടിപ്പ് അനുഭവപ്പെട്ടു. ഓടിക്കൂടിയവരുടെ സഹായത്തോടെ വെളിയിലേക്ക് മാറ്റി. ശ്വാസതടസം നേരിട്ട റഹീമിന് ഫായിസ് തന്നെ സി.പി.ആർ നൽകി. ഏതാനും നിമിഷങ്ങൾക്കകം അദ്ദേഹം ശ്വസിച്ചുതുടങ്ങി. ഉടനെ ആശുപത്രിയിലേക്ക് മാറ്റി. വാരിയെല്ലിനും തലക്കും കഴുത്തിനും സാരമായി പരിക്കേറ്റ വയോധികൻ ആശുപത്രിയിൽ ചികിത്സയിലാണ്.ഫായിസിനെ അൽഹുദ ക്ലബ് അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

