റവന്യൂ ജില്ല കലോത്സവത്തിന് ഇന്ന് തുടക്കം
text_fields64ാമത് റവന്യൂ ജില്ല കലോത്സവത്തിന്റെ ഭാഗമായി നടന്ന വിളംബര ജാഥയിൽനിന്ന്
മൊഗ്രാൽ: ഇശലിൻ ഗ്രാമത്തിൽ ഉശിരോടെയെത്തുന്ന കൗമാരങ്ങൾക്കിനി ഉറക്കമില്ലാ രാവുകൾ. മാപ്പിളപ്പാട്ടിന്റെ ഇശലും ഒപ്പനയുടെ താളവും തിരുവാതിരയുടെ ലാസ്യവും അങ്ങനെ കലയുടെ സർവംമയമാകുന്ന നാളുകൾക്ക് തിങ്കളാഴ്ച തുടക്കം. റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ തിങ്കളാഴ്ച മുതൽ ബുധനാഴ്ചവരെ ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലാണ് നടക്കുക.
13 വേദികളിലായി 238 ഇനങ്ങളിൽ 3953 കലാപ്രതിഭകൾ മാറ്റുരക്കും. യു.പി വിഭാഗത്തിൽ 1128ഉം ഹൈസ്കൂളിൽ 1404ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 1421 വിദ്യാർഥികളുമാണ് മത്സരിക്കാനെത്തുക. കലോത്സവത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ്, ബേക്കൽ ബീച്ച് ഫെസ്റ്റുമായി ചേർന്ന് ഇശൽവിരുന്ന്, പ്രചാരണ വിഡിയോ മത്സരം അങ്ങനെ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
സ്കൂളിലും പരിസര പ്രദേശങ്ങളിലുമായാണ് വേദികൾ ഒരുക്കിയിരിക്കുന്നത്. കലോത്സവ നഗരിയിൽ ഹരിതചട്ടം കർശനമായി പാലിക്കാനുള്ള നിർദേശമുണ്ട്. പ്ലാസ്റ്റിക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ചപ്പുചവറുകൾ ശേഖരിക്കാൻ ഓലക്കൊട്ടകൾ കലോത്സവ നഗരിയിൽ സ്ഥാപിച്ചിട്ടുണ്ട്. നിയന്ത്രണം നടപ്പാക്കാൻ ഹരിത വളന്റിയർമാരെയും തയാറാക്കി.
തിങ്കളാഴ്ച മുതൽ യാത്രാവാഹനങ്ങൾക്കും നിയന്ത്രണമുണ്ട്. പാർക്കിങ്ങിനായി ദേശീയപാതയുടെ ഇരുവശങ്ങളും ഉപയോഗിക്കാം. ദിവസവും ഭക്ഷണം നൽകും. ഇതിനായി ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് കലവറ നിറച്ചു. പാലുകാച്ചൽ ചടങ്ങ് ഞായറാഴ്ച വൈകീട്ട് 5.30ന് നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാബു അബ്രഹാം മുഖ്യാതിഥിയായി.
തിങ്കളാഴ്ച രാവിലെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും. എ.കെ.എം. അഷ്റഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ, എൻ.എ. നെല്ലിക്കുന്ന്, സാബു അബ്രഹാം, കലക്ടർ കെ. ഇമ്പശേഖർ എന്നിവർ വിശിഷ്ടാതിഥികളാകും. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.ടി. മധുസൂദനൻ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ കെ. ശിശുപാലൻ നന്ദിയും പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

