കാറുകൾ വാടകക്കെടുത്ത് മറിച്ചുവിൽക്കൽ; സംഘത്തലവൻ അറസ്റ്റിൽ
text_fieldsകാസർകോട്: കാറുകൾ വാടകക്കെടുത്ത് മറിച്ചുനൽകി പിന്നീട് വിൽപന നടത്തുന്ന റാക്കറ്റിന്റെ പ്രധാന കണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ആവിക്കര ബീച്ച് റോഡിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഷംസുദ്ദീൻ മുഹമ്മദിനെയാണ് (44) വിദ്യാനഗർ എസ്.ഐ എം.പി വിനീഷും സംഘവും പിടികൂടിയത്.
കാസർകോട്, ബദിയടുക്ക, വിദ്യാനഗർ, മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധികളിൽനിന്നായി 80ൽപരം കാറുകൾ തട്ടിയെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. കാസർകോടിനു പുറത്ത് കണ്ണൂർ, എറണാകുളം തുടങ്ങി മറ്റു ജില്ലകളിലും മേൽപറഞ്ഞ രീതിയിൽ തട്ടിപ്പുകൾ നടത്തിയതായി സൂചനയുണ്ട്. മൂന്നു വർഷത്തോളമായി ഇയാൾ ഈ രംഗത്തുണ്ടെന്ന് പറയപ്പെടുന്നു. ഇയാൾക്കൊപ്പമുള്ള മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
രണ്ടോ മൂന്നോ മാസത്തേക്ക് വാടകക്കെടുക്കുന്ന കാർ പിന്നീട് മറ്റു പലർക്കും മറിച്ചു വാടകക്കു നൽകിയശേഷം കാർ എറണാകുളത്തെത്തിച്ച് റാക്കറ്റിന് വിൽപന നടത്തുകയാണ് ഇയാളുടെ രീതി. കാറിന്റെ ഉടമ അന്വേഷിച്ചു വരുമ്പോൾ ഇയാൾ മുങ്ങും.
വിദ്യാനഗർ സ്വദേശിനിയായ ഒരു സ്ത്രീ നൽകിയ പരാതിയിൽ കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. വിശദ വിവരങ്ങൾക്കായി ഇയാളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

