നിയമന നടപടികൾ തുടങ്ങി; അമ്മയും കുഞ്ഞും ആശുപത്രി ഉടൻ
text_fieldsകാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി
കാഞ്ഞങ്ങാട്: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനം ഉടൻ. ജില്ലയിലെ വിവിധ ആശുപത്രികളിൽനിന്ന് ഡോക്ടർമാരെയും നഴ്സുമാരെയും പുനർവിന്യസിച്ചാണ് ആശുപത്രി തുറക്കുക. ഈ മാസം അവസാനത്തോടെ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് നടപടികൾ പുരോഗമിക്കുന്നത്.
ഉദ്ഘാടനംചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും ആശുപത്രി തുറക്കാൻ കഴിയാത്തതിന്റെ പേരിലുള്ള നാണക്കേട് ഒഴിവാക്കുകയാണ് ലക്ഷ്യം. പുതിയ നിയമനം നടക്കുന്നതുവരെ കാത്തിരുന്നാൽ ആശുപത്രി തുറക്കുന്നത് ഇനിയും നീളുമെന്നതിനാലാണ് മറ്റിടത്തുനിന്നുള്ളവരെ നിയമിക്കുന്നത്.
ചട്ടഞ്ചാൽ ടാറ്റ കോവിഡ് ആശുപത്രിയിൽ അത്യാവശ്യം വേണ്ട ഡോക്ടർ, നഴ്സുമാരെ നിലനിർത്തി ബാക്കിയുള്ളവരെ അമ്മയും കുഞ്ഞും ആശുപത്രിയിൽ നിയമിക്കും. ഇതിന്റെ മുന്നോടിയായി ടാറ്റ ആശുപത്രിയിൽനിന്നും ഒരുവിഭാഗം ഡോക്ടർമാരെയും നഴ്സുമാരെയും ജില്ലാശുപത്രിയിൽ നിയമിച്ചുകഴിഞ്ഞു. അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുന്ന മുറക്ക് ഇവരെ ഇവിടെ നിയമിക്കും.
ജില്ല ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽനിന്നും ഡോക്ടർമാരെ ഇവിടേക്ക് മാറ്റും.
ഡോക്ടർമാരെ പുനർവിന്യസിക്കുകവഴി അധിക സാമ്പത്തികബാധ്യത ഒഴിവാക്കാനും സാധിക്കും. അതിനിടെ, അമ്മയും കുഞ്ഞും ആശുപത്രിയിലേക്കുള്ള വൈദ്യുതീകരണത്തിന്റെ അവസാനഘട്ട പ്രവൃത്തികൾ പൂർത്തിയായി. വൈദ്യുതി കണക്ഷനുള്ള പ്രവൃത്തി പൂർത്തിയായതോടെ മറ്റു സാങ്കേതിക നടപടികളും പൂർത്തിയാക്കാനായി.
ആവശ്യപ്പെട്ടത് 205 തസ്തിക
അമ്മയും കുഞ്ഞും ആശുപത്രിയിലേക്കുള്ള നിയമനം സംബന്ധിച്ച് ആരോഗ്യവകുപ്പ് ധനവകുപ്പിലേക്ക് നേത്തേ റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും തസ്തിക സൃഷ്ടിച്ചിരുന്നില്ല. 205 ജീവനക്കാരെയാണ് ആവശ്യപ്പെട്ടത്. സ്റ്റാഫ് നഴ്സിൽ ഏഴിൽ രണ്ടുപേരെ നേരത്തേതന്നെ നിയമിച്ചിരുന്നു. രണ്ട് ക്ലർക്ക്, ഒരു ഫാർമസിസ്റ്റ് അടക്കം ആകെ 13 തസ്തിക മാസങ്ങൾക്ക് മുമ്പേ സൃഷ്ടിച്ചു. ഒന്നാം പിണറായി സർക്കാറിന്റെ അവസാന നാളുകളിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് അമ്മയും കുഞ്ഞും ആശുപത്രി ഉദ്ഘാടനം ചെയ്തത്. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ചികിത്സ, പ്രസവവും പ്രസവാനന്തര ചികിത്സയും തുടങ്ങിയവ ലക്ഷ്യമിട്ടായിരുന്നു മൂന്നുനിലകളിൽ കെട്ടിടം പണിതീർത്തത്.
45,000 ചതുരശ്ര അടി വിസ്തീർണമുള്ള മൂന്നുനില കെട്ടിടത്തിൽ പരിശോധന മുറി, അത്യാഹിത വിഭാഗം, ഫാർമസി, ശസ്ത്രക്രിയ വിഭാഗം, വാർഡുകൾ എന്നീ സൗകര്യങ്ങളുണ്ട്. ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഈയാഴ്ച തന്നെ അമ്മയും കുഞ്ഞും ആശുപത്രി തുറക്കുന്ന തീയതി പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

