റീ കൗണ്ടിങ് യു.ഡി.എഫിനെ തുണച്ചില്ല, ജില്ല പഞ്ചായത്ത് എൽ.ഡി.എഫിന്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സാബു എബ്രഹാം ജില്ല പഞ്ചായത്ത് പ്രസിഡന്റാകും
text_fieldsജില്ല പഞ്ചായത്ത് ബേക്കൽ ഡിവിഷൻ റീകൗണ്ടിങ് നടക്കുന്ന കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ, റീ കൗണ്ടിങ് നടന്ന കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിലെ പൊലീസ് സന്നാഹം
കാസർകോട്: കാസർകോട് ജില്ല പഞ്ചായത്തിലെ ബേക്കൽ ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ സംശയം പ്രകടിപ്പിച്ച യു.ഡി.എഫിന്റെ ആവശ്യത്തിൽ ഞായറാഴ്ച റീ കൗണ്ടിങ് നടത്തിയെങ്കിലും എൽ.ഡി.എഫിന് തന്നെ സീറ്റ് ലഭിച്ചു.
ഇതോടെ ജില്ല പഞ്ചായത്ത് ഇക്കുറി പിടിച്ചെടുക്കുക എന്ന യു.ഡി.എഫ് സ്വപ്നം പൂവണിഞ്ഞില്ല. ബേക്കൽ, പുത്തിഗെ ഡിവിഷനുകളിലെ ഫലത്തിലാണ് യു.ഡി.എഫ് ശനിയാഴ്ച പരാതി പറഞ്ഞിരുന്നത്. എന്നാൽ, റീ കൗണ്ടിങ് പൂർത്തിയായിട്ടും വിജയഫലത്തിൽ മാറ്റമുണ്ടായില്ല.
ബേക്കൽ ഡിവിഷനിൽ എൽ.ഡി.എഫിലെ ടി.വി. രാധികയും പുത്തിഗെ ഡിവിഷനിൽ യു.ഡി.എഫിലെ ജെ.എസ്. സോമശേഖരയും വിജയിച്ചു.
ടി.വി. രാധിക 267 വോട്ടിനാണ് വിജയിച്ചത്. ഇവിടെ യു.ഡി.എഫിലെ ഷാഹിദ റഷീദിനെയാണ് രാധിക പരാജയപ്പെടുത്തിയത്. പുത്തിഗെയിൽ യു.ഡി.എഫിലെ ജെ.എസ്. സോമശേഖരയും വിജയിച്ചു.
വലിയപോരാട്ടമാണ് ബേക്കൽ ഡിവിഷനിൽ നടന്നത്. ശനിയാഴ്ച നടന്ന വോട്ടെണ്ണലിലും രാധികയാണ് വിജയിച്ചിരുന്നത്. എന്നാൽ, ഇതിൽ ഷാഹിദ നൽകിയ പരാതി അംഗീകരിച്ച് ജില്ല പഞ്ചായത്ത് വരണാധികാരിയായ കലക്ടർ റീ കൗണ്ടിങ്ങിന് ഉത്തരവിടുകയായിരുന്നു.
അതേസമയം, പുത്തിഗെ ഡിവിഷനിലെ സോമശേഖരയുടെ വിജയത്തെ ചോദ്യംചെയ്ത് ബി.ജെ.പി സ്ഥാനാർഥി മണികണ്ഠനും രംഗത്തെത്തി. അതിനാൽ പുത്തിഗെ ഡിവിഷനിലും റീ കൗണ്ടിങ് നടന്നു.
എൻമകജെ പഞ്ചായത്തിലെ ഏഴു വാർഡുകളിലെ വോട്ട് വീണ്ടും എണ്ണണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടത്. 438 വോട്ടിനാണ് സോമശേഖരൻ ജയിച്ചത്.റീ കൗണ്ടിങ്ങിലും എൽ.ഡി.എഫ് വിജയം സ്ഥിരീകരിച്ചതോടെ കാസർകോട് ജില്ല പഞ്ചായത്ത് ഇടതുമുന്നണിതന്നെ ഭരിക്കും. ആകെയുള്ള 18 സീറ്റിൽ നേർ പകുതി ഡിവിഷനുകളിൽ വിജയിച്ചാണ് ഇടതുമുന്നണി തുടർച്ച ഉറപ്പാക്കിയത്.
യു.ഡി.എഫിന് എട്ടും ബി.ജെ.പിക്ക് ഒരു ഡിവിഷനുമാണ് ലഭിച്ചത്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കുറ്റിക്കോൽ ഡിവിഷനിൽനിന്ന് ജനവിധിനേടിയ സാബു എബ്രഹാമാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

