വീണ്ടും റീ ടാറിങ്... രാജാ റോഡ് വികസനത്തിന് എത്ര കാത്തിരിക്കണം?
text_fieldsഞായറാഴ്ച രാജാ റോഡിൽ നടന്ന റീ ടാറിങ് പ്രവൃത്തി
നീലേശ്വരം: സാധാരണ റോഡ് തകർന്ന ശേഷമാണ് റീ ടാറിങ് നടത്താറുള്ളത്. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായ ഒരു പ്രവൃത്തിയുടെ കാഴ്ചയാണ് ഞായറാഴ്ച നീലേശ്വരം നഗരത്തിൽ കാണാൻ കഴിഞ്ഞത്. തകരാത്ത രാജാ റോഡ് വീണ്ടും ടാറിങ് നടത്തിയത് കൗതുക കാഴ്ചയായി.
പോസ്റ്റ് ഓഫിസ് മുതൽ മെയിൻ ബസാർ വരെയുള്ള റോഡിന്റെ ചില ഭാഗങ്ങളിലാണ് റീ ടാറിങ് നടത്തിയത്. ഇതുമൂലം ഞായറാഴ്ച രാവിലെ മുതൽ രാജാ റോഡിൽ നല്ല ഗതാഗതക്കുരുക്കായിരുന്നു. റോഡ് റീ ടാറിങ് നടത്തുമ്പോൾ നഗരസഭയുടെ സ്വപ്നപദ്ധതിയായ രാജാ റോഡ് വികസനം ഇനിയും അനന്തമായി നീളാൻ സാധ്യതയുണ്ടെന്ന സംശയവും ബലപ്പെട്ടു. നീലേശ്വരം നഗരസഭ തുടർച്ചയായി എൽ.ഡി.എഫ് ഭരിച്ചിട്ടും രാജാ റോഡ് വികസനം ഇതുവരെ നടത്താൻ കഴിഞ്ഞിട്ടില്ല. റോഡ് അളന്ന് മടുത്ത ഉദ്യോഗസ്ഥ വൃന്ദം മാറിവന്നിട്ടും വികസനം മാത്രം നടന്നില്ല. റോഡിന് ഇരുവശത്തുമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടതുണ്ട്. ഇതിന്റെ ഉടമകൾക്ക് നഷ്ടപരിഹാരവും നൽകണം.
സംസ്ഥാന സർക്കാർ രാജാ റോഡ് വികസനത്തിനായി സ്പെഷൽ തഹസിൽദാറെ നിയമിച്ചിരുന്നു. എന്നാൽ, ചാർജെടുത്തശേഷം അളവിലേക്ക് കടക്കുമ്പോഴേക്കും സ്ഥലംമാറ്റം വന്നു. ഇതുമൂലം റോഡ് വികസനം നീളുകയാണ്.
മാർക്കറ്റ് ജങ്ഷൻ മുതൽ പോസ്റ്റ് ഓഫിസ് വരെയുള്ള 1300 മീറ്റർ റോഡാണ് ആധുനിക രീതിയിൽ വികസിപ്പിക്കേണ്ടത്. 14 മീറ്റർ വീതിയിൽ നടുക്ക് ഡിവൈഡർ സ്ഥാപിച്ച് വൺവേ ട്രാഫിക് രീതിയിലായിരിക്കും ഗതാഗത ക്രമീകരണം ഏർപ്പെടുത്തുക. ഇപ്പോൾ ഭൂമിക്കും കെട്ടിടത്തിനും നൽകേണ്ട നഷ്ടപരിഹാര തുകയിലെ വർധനയാണ് വീണ്ടും റോഡ് വികസനം നീളാൻ കാരണമായത്. കച്ചേരിക്കടവ് പാലത്തിനും രാജാ റോഡ് വികസനത്തിനുമാണ് സംസ്ഥാന സർക്കാർ ബജറ്റിൽ തുക വകയിരുത്തിയത്. ഇതിൽ കച്ചേരിക്കടവ് പാലം നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. എന്നാൽ, രാജാ റോഡ് വികസനം ഒച്ചിന്റെ വേഗത്തിലാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

