രാജധാനി ജ്വല്ലറി കവര്‍ച്ചക്കേസ് പ്രതി ഉഡുപ്പിയിൽ മോഷണത്തിനിടെ പിടിയിൽ
text_fieldsമംഗളുരു: ഹൊസങ്കടി രാജധാനി ജ്വല്ലറി കവര്‍ച്ചക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഉള്‍പ്പെടെ രണ്ടുപേരെ ഉഡുപ്പി കോട്ട പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ക്കളയിലെ ബീഡുവില്‍ താമസിക്കുന്ന റിയാസ് എന്ന മുഹമ്മദ് റിയാസ് (39), കാപ്പ് താലൂക്കിലെ യെല്ലൂര്‍ വില്ലേജില്‍ താമസിക്കുന്ന രാജേഷ് ദേവാഡിഗ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കവര്‍ച്ച നടത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇരുവരെയും ഉഡുപ്പി കോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസിലെ മുഖ്യപ്രതിയാണ് മുഹമ്മദ് റിയാസ്. ഇവര്‍ കവര്‍ച്ച ചെയ്ത മൂന്ന് വാഹനങ്ങളും 15 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ ഇരുവരും പ്രതികളാണ്.
ജയില്‍ മോചിതരായ ശേഷം രാത്രികാലങ്ങളില്‍ ഇവരുടെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. കോട്ട പൊലീസ് സ്റ്റേഷന് പരിധിയിലെ സായിബറക്കട്ടെയില്‍ പൊലീസ് സംഘം വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് രാജേഷ് ദേവാഡിഗയും മുഹമ്മദ് റിയാസും മോഷ്ടിച്ച കാറില്‍ എത്തിയത്.
പരിശോധിച്ചപ്പോള്‍ കാറിനകത്ത് രേഖകളില്ലാത്ത സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. ആഭരണങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോള്‍ ശാസ്താനയിലെ പള്ളിക്ക് സമീപമുള്ള വീട്ടില്‍നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതികള്‍ സമ്മതിച്ചു. സ്വര്‍ണാഭരണങ്ങള്‍ വില്ക്കാന് ശിവമൊഗ്ഗയിലേക്ക് പോവുകയായിരുന്നു.
രാജേഷിനെതിരെ ഉഡുപ്പിയിൽ 12 കവര്‍ച്ചക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2021ല്‍ ഹൊസങ്കടി രാജധാനി ജ്വല്ലറിയില്‍ നടന്ന കവര്‍ച്ചക്കേസിലെ പ്രതിയായ റിയാസ് ഹിരിയടുക്ക ജയിലില്െവച്ചാണ് രാജേഷിനെ പരിചയപ്പെടുന്നത്. ജയിലിൽ നിന്നിറങ്ങിയ ഇരുവരും ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പൂട്ടിക്കിടക്കുന്ന വീടുകളില്‍ രാത്രി കവര്‍ച്ച നടത്താനായി പദ്ധതിയിട്ടിരുന്നു.
2021 ജൂലൈ 26നാണ് ഹൊസങ്കടി രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. 26ന് അർധരാത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരന് കളത്തൂരിലെ അബ്ദുല്ലയെ കെട്ടിയിട്ട് മര്‍ദിച്ചശേഷം 15 കിലോ വെള്ളിയാഭരണങ്ങളും നാലര ലക്ഷം രൂപയും കവര്‍ന്നുവെന്നാണ് കേസ്. സംഘം തലപ്പാടിയില്‍വെച്ച് ഉള്ളാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടെ പൊലീസ് പിന്തുടര്ന്നു.
ബീരിയില്വെച്ച് കാര്‍ ഉപേക്ഷിച്ചു കടന്നു. കാറിനകത്ത് ഏഴര കിലോ വെള്ളിയാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കണ്ടെത്തുകയും ചെയ്തു. രണ്ടുപേർ കൂടാതെ ഈ കേസിലെ മറ്റൊരു പ്രതിയായ തൃശൂര്‍ സ്വദേശി സത്യേഷ് എന്ന കിരണിനെ (35) പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാജധാനി ജ്വല്ലറി കവര്‍ച്ചക്കേസില്‍ മുഹമ്മദ് റിയാസും കിരണും അടക്കമുള്ളവര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

