ദേശീയപാത മഴക്കെടുതി; മറനീക്കി ആശങ്ക
text_fieldsകാഞ്ഞങ്ങാട് ക്രൈസ്റ്റ് സ്കൂളിന് എതിർവശത്തുള്ള ഭാഗം ജില്ല കലക്ടർ കെ. ഇമ്പശേഖർ സന്ദർശിക്കുന്നു
കാസർകോട്: ദേശീയപാത ആറുവരിയുടെ സർവിസ് റോഡ് കാഞ്ഞങ്ങാട് കല്യാൺ ഭാഗത്ത് ഇടിഞ്ഞു താഴ്ന്നു. റോഡ് നീളത്തിൽ വിണ്ടു കീറി. പെരിയിൽ ബസ് സർവിസ് റോഡിൽ അമർന്നു. മൊഗ്രാൽ പുത്തൂരിലും കാലിക്കടവിലും നീലേശ്വരത്തും വെള്ളക്കെട്ട്. ദേശീയപാത സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ മറനീക്കി പുറത്തുവന്ന ദിനമായി കാലവർഷത്തിന്റെ തുടക്കം. ദേശീയപാത നിർമാണം നടക്കുന്ന കല്യാൺ റോഡ് ക്രൈസ്റ്റ് സ്കൂളിന് കിഴക്ക് ഭാഗത്ത് 53 മീറ്റർ നീളത്തിലും 4.10 മീറ്റർ വീതിയിലും കാസർകോട്-കണ്ണൂർ പോകുന്ന ഭാഗത്തായി വിള്ളൽ ഉണ്ടായിട്ടുണ്ട്.
ഇവിടെ റോഡിന്റെ ഒരു ഭാഗം അടിത്തട്ടോടെ ഒഴുകിപോയിട്ടുണ്ട്. സംസ്ഥാനത്ത് അതിതീവ്ര മഴക്ക് മുന്നറിയിപ്പ് നൽകി സൈറൺ മുഴക്കി. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സ്കൂളിന് എതിർവശത്ത് റോഡ് തകർന്ന ജില്ല കലക്ടർ കെ. ഇമ്പശേഖർ സന്ദർശിച്ചു. ഹോസ്ദുർഗ് തഹസിൽദാർ ജയപ്രസാദ് ഡെപ്യൂട്ടി തഹസിൽദാർ തുളസി രാജ് വില്ലേജ് ഓഫിസർമാർ എന്നിവർ അനുഗമിച്ചു. ദേശീയപാതയിൽ കനത്ത മഴയിൽ നാശനഷ്ടമുണ്ടായ വിവിധ സ്ഥലങ്ങളിലും കലക്ടർ സന്ദർശനം നടത്തി.
മാവുങ്കാലിന് സമീപം ദേശീയ പാത സർവിസ് റോഡ് ഇടിഞ്ഞു തകർന്ന നിലയിൽ
മൊഗ്രാൽ പുത്തൂർ കുന്നിലെ സർവിസ് റോഡിൽ വെള്ളക്കെട്ട്
മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ കുന്നിലിൽ സർവിസ് റോഡിൽ വെള്ളക്കെട്ട്. നിർമാണത്തിലെ അശാസ്ത്രീയതയാണെന്ന് ആരോപണം. സി.പി.സി.ആർ.ഐ ഗെസ്റ്റ് ഹൗസിന് സമീപമാണ് സർവിസ് റോഡും ലിങ്ക് റോഡും വെള്ളക്കെട്ടിൽ നിറയുന്നത്. മഴ വന്നാൽ മലിനജലമാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. അംഗൻവാടി കുട്ടികളടക്കം നിരവധി വിദ്യാർഥികളും മറ്റും ആശ്രയിക്കുന്ന റോഡാണിത്. റോഡ് നിർമാണ സമയത്ത് തന്നെ ഇതിന് മേൽനോട്ടം വഹിച്ചിരുന്നവരോട് സർവിസ് റോഡിന്റെ നിർമാണത്തിലെ അപാകത ചൂണ്ടിക്കാണിച്ചിരുന്നു.
നാട്ടുകാരുടെ ആവശ്യപ്രകാരം പഞ്ചായത്ത്, വില്ലേജ്, ജില്ല ഭരണകൂടവും ജനങ്ങളുടെ പ്രയാസങ്ങൾ തലപ്പാടി-ചെങ്കള റീച്ചിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെ അറിയിച്ചെങ്കിലും അവർ ബന്ധപ്പെട്ടവരുടെ വാക്കുകൾക്ക് യാതൊരു വിലയും കൽപ്പിച്ചില്ല. ഇപ്പോൾ മഴ വന്നതോടെ മലിനജലം കെട്ടി നിൽക്കുകയാണ്. സ്കൂൾ തുറക്കാറായതോടെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

