ഗേറ്റടക്കല്ലേ പ്ലീസ്, ഒരു ജീവനാണ്
text_fieldsതൃക്കരിപ്പൂർ: വടക്കോട്ടുള്ള വന്ദേഭാരത് ഏഴിമലയിലെത്തും മുമ്പ് തൃക്കരിപ്പൂരിൽ ഗേറ്റടക്കണം, അതാണ് ചട്ടം. പക്ഷേ പുഴയിൽ വീണ 13 കാരനു വേണ്ടി വെള്ളാപ്പ് റോഡിലെ ഗേറ്റ് കീപ്പറോട് സാക്കിർ കെഞ്ചിനോക്കി. അദ്ദേഹം നിസ്സഹായനായിരുന്നു. വണ്ടിവരുന്നുണ്ടെന്ന് ആരൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. പാളക്കുരുക്കിന്റെ മറുഭാഗത്ത് ആംബുലൻസിൽ കിടത്തിയ ബാലനെ താങ്ങിയെടുത്ത് സാക്കിർ ട്രാക്കിലൂടെ ഓടി. മറുഭാഗത്ത് കാത്തുനിന്നവർ ഓട്ടോ തയാറാക്കി
നിർത്തിയിരുന്നു. മൂന്നുപേർ ഗേറ്റിന്റെ മുകളിലൂടെ കുട്ടിയെ താങ്ങിപ്പിടിച്ച് ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വൈകിപ്പോയി. ഒരു പ്രാണൻ കൂടി പാളം കുരുക്കിട്ട നാടിന് നഷ്ടമായി. നാടിനെയാകെ നൊമ്പരപ്പെടുത്തിയ സംഭവത്തിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. പടിഞ്ഞാറൻ മേഖലയിലെ തീരദേശങ്ങളിൽ നിന്ന് റെയിൽവേ ഗേറ്റിന് മുന്നിൽ പിടയുന്നത് ആദ്യ കാഴ്ചയല്ല. നാടും നാട്ടുകാരും അനുഭവിക്കുന്ന യാത്രാദുരിതത്തിന്റെ നേർക്കാഴ്ചയാണിത്.
വലിയപറമ്പ ബീരാൻകടവിൽ ബോട്ടുജെട്ടിയിൽ ചൂണ്ടയിടാൻ എത്തിയതായിരുന്നു മുഹമ്മദും(13) കൂട്ടുകാരും. അബദ്ധത്തിൽ മുഹമ്മദ് കവായിക്കായലിൽ വീണു. ബോട്ടുചാലിലേക്ക് വീണ കുട്ടി അപ്രത്യക്ഷനായി. കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ആളുകൾ മുങ്ങിത്തപ്പി. ഒടുവിൽ മാടക്കാലിലെ രാധാകൃഷ്ണനാണ് ചളിയിൽ പുതഞ്ഞ കുട്ടിയെ മുകളിലെത്തിച്ചത്.
അപ്പോഴേക്കും അഗ്നിശമന സേനയുടെ ആംബുലൻസ് എത്തിയിരുന്നു. തൃക്കരിപ്പൂരിലെ ആശുപത്രിയിലേക്ക് കുതിക്കുന്നിതിനിടെയാണ് വെള്ളാപ്പ് റോഡിലെ റെയിൽവേ ഗേറ്റിൽ കുടുങ്ങിയതും കുട്ടിയെയുമെടുത്ത് ഓടിയതും. തൃക്കരിപ്പൂരിലെ കേബിൾ ടി.വി ചാനൽ കാമറമാനാണ് എ.ജി. സാക്കിർ. തൃക്കരിപ്പൂരിലെ റെയിൽവേ മേൽപാലം 2020 ൽ അനുവദിച്ചതാണ്. എന്നാൽ ചുവപ്പുനാടകൾ ഇനിയും അഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

