പുത്തിഗെ മരംമുറി; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി -യു.ഡി.എഫ്
text_fieldsപുത്തിഗെ: പുത്തിഗെ ഗ്രാമപഞ്ചായത്തിലെ മുക്കാരിക്കണ്ടത്ത് നടന്ന മരംമുറി സംഭവവുമായി ബന്ധപ്പെട്ട് ഭരണസമിതിക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന സമരങ്ങളും ആരോപണങ്ങളും വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പുത്തിഗെ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സുലൈമാൻ ഊജംപദവും കൺവീനർ അബ്ദുല്ല കണ്ടത്തിലും വാർത്താക്കുറിപ്പിൽ അറിയിച്ചു.
മുക്കാരിക്കണ്ടത്ത് സ്വകാര്യ വ്യക്തി തന്റെ പറമ്പിൽനിന്ന് മരം മുറിക്കുന്നതിനിടെ, തൊട്ടടുത്തുള്ള പഞ്ചായത്ത് തോടിന്റെ അതിരിൽപെട്ട സ്ഥലത്തുനിന്ന് മൂന്ന് മരങ്ങൾ മുറിച്ചിരുന്നു. ഇതറിഞ്ഞ പുത്തിഗെ പഞ്ചായത്ത് ഭരണസമിതിയുടെ നിർദേശ പ്രകാരം പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകുകയും കേസെടുപ്പിക്കുകയും ചെയ്തതാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികളുമായി ഭരണസമിതി മുന്നോട്ടുപോകുമ്പോഴാണ്, വസ്തുതകൾ മറച്ചുവെച്ച് വൈസ് പ്രസിഡന്റിന്റെ പേര് പറഞ്ഞ, ഭരണ സമിതിക്കെതിരെ ഡി.വൈ.എഫ്.ഐ രംഗത്തിറങ്ങിയിരിക്കുന്നത്.
ദീർഘകാലമായി എൽ.ഡി.എഫ് മാത്രം ഭരിച്ചിരുന്ന പുത്തിഗെ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിച്ചതുമുതൽ നിരന്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഭരണസമിതി വന്നതിനുശേഷം ഫയൽ നീക്കങ്ങൾ വേഗത്തിലാവുകയും ജനകീയ ആവശ്യങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നുണ്ട്. സ്വന്തം അണികൾക്കിടയിൽപോലും യു.ഡി.എഫ് ഭരണസമിതിക്ക് ലഭിക്കുന്ന ഈ വലിയ അംഗീകാരത്തിൽ ഭയന്നാണ് ഡി.വൈ.എഫ്.ഐ ഇത്തരം വ്യാജ ആരോപണങ്ങളുമായി രംഗത്ത് വരുന്നതെന്ന് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

