പുത്തിഗെ എടനാട്ട് സർക്കാർ ഭൂമിയിലെ മരം മുറിച്ചുകടത്തി
text_fieldsഎടനാട്ട് സർക്കാറിന്റെ മരങ്ങൾ മുറിച്ച സ്ഥലം
പുത്തിഗെ: പുത്തിഗെ പഞ്ചായത്തിലെ എടനാട് വില്ലേജിലെ എടനാടിൽ സർക്കാർ സ്ഥലത്തുള്ള മരം സ്വകാര്യ വ്യക്തി മുറിച്ചുകടത്തി. സ്വകാര്യവ്യക്തി സ്വന്തം സ്ഥലത്തുനിന്ന് മരങ്ങൾ മുറിക്കുന്നതിന്റെ മറവിൽ സർക്കാർ സ്ഥലത്തെ മരങ്ങൾ മുറിച്ചുകടത്തി കൊണ്ടുപോകുകയായിരുന്നുവത്രെ. സംഭവത്തിൽ പുത്തിഗെ പഞ്ചായത്ത് അംഗത്തിനെതിരെയും ആക്ഷേപം ഉയർന്നു. പത്തുദിവസം മുമ്പ് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് വാർഡ് മെംബറുടെ ശ്രദ്ധയിൽപ്പെട്ടത്. പഞ്ചായത്തിന് പരാതി ലഭിച്ചുവെങ്കിലും നടപടിയെടുക്കാത്തത് കുറ്റവാളിയെ രക്ഷപ്പെടുത്താനുള്ള നീക്കമായി സംശയിക്കുന്നു. നേരത്തേ ബദിയടുക്ക പഞ്ചായത്തിലെ പള്ളത്തടുക്ക കോരിക്കാർ പുഴയുടെ അരികിൽനിന്ന് മരങ്ങൾ മുറിച്ച് വെള്ളത്തിലൂടെ ഒഴുക്കി കൊണ്ടുപോയി കടത്തിയിരുന്നു.
പരാതിയെ തുടർന്ന് പൊലീസും റവന്യൂ, പഞ്ചായത്ത് അധികൃതരും മുറിച്ച മരങ്ങൾ കണ്ടെത്തിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. പുഴയുടെയും തോടിന്റെയും അരികിലുള്ള സർക്കാർ സ്ഥലത്തെ മരങ്ങൾ ഇൗ രീതിയിൽ കടത്തുക പതിവായിരിക്കുന്നു. പരാതിയുമായി റവന്യൂ, പഞ്ചായത്ത്, പൊലീസ് അധികൃതരെ സമീപിച്ചാൽ നടപടിയെടുക്കേണ്ട ഉത്തരവാദിത്തം പരസ്പരം ചാരി രക്ഷപ്പെടുകയാണ്. എടനാടിൽനിന്ന് മരംമുറിച്ച് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്ഐ പുത്തിഗെ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. അതേസമയം രേഖാമൂലം ആരും പഞ്ചായത്തിലേക്ക് പരാതി നൽകിയിട്ടില്ലെന്നും സംഭവം അന്വേഷിച്ച് നടപടിക്കായി കുമ്പള പൊലീസിൽ പരാതി നൽകിയതായി പുത്തിഗെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. മുഹമ്മദ് പറഞ്ഞു. തനിക്കെതിരെ ആരോപിക്കുന്നവരുടെ കൂടെയുള്ളവർ തന്നെയാണ് മരം മുറിച്ചത്. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തു കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

