ഡോക്ടറുടെ സേവനമില്ലാതെ ജനകീയ ആരോഗ്യകേന്ദ്രം
text_fieldsകൊപ്പളം ജനകീയ ആരോഗ്യകേന്ദ്രം ആയുഷ്മാൻ ഭാരത് മന്ദിർ
മൊഗ്രാൽ: കുമ്പള പഞ്ചായത്തിലെ മൊഗ്രാൽ കൊപ്പളം ജുമാമസ്ജിദിന് സമീപമുള്ള ആയുഷ്മാൻ ആരോഗ്യ കേന്ദ്രത്തിൽ (ജനകീയ ആരോഗ്യകേന്ദ്രം) സ്ഥിരമായി ഡോക്ടറുടെ സേവനമില്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. വാർഡ് അംഗം കൗലത്ത് ബീവി ആരോഗ്യവകുപ്പ് അധികൃതർക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകി.
നിലവിൽ ആരോഗ്യകേന്ദ്രത്തിൽ കുട്ടികൾക്കായുള്ള കുത്തിവെപ്പ് മാത്രമാണ് നടക്കുന്നത്. അടച്ചിട്ട റെയിൽപാത മറികടന്നും ദേശീയപാത വികസനത്തെ തുടർന്നും കുമ്പളയിലെ സർക്കാർ ആശുപത്രിയിലെത്താൻ തീരപ്രദേശത്തെ വയോജനങ്ങൾക്കും കുട്ടികൾക്കും ഏറെ പ്രയാസമാകുന്നുണ്ട്. ഇത് നേരത്തെ ജനപ്രതിനിധികളെയും മറ്റും അറിയിച്ചതാണ്. ഒരു പനിയോ മറ്റോ വന്നാൽ കുമ്പള സി.എച്ച്.സിയെയാണ് മൊഗ്രാൽ തീരത്തെ മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർ ആശ്രയിക്കുന്നത്.
ഇവിടെനിന്ന് ഓട്ടോ പിടിച്ച് വലിയ വാടക കൊടുത്തുവേണം കുമ്പള ആശുപത്രിയിലെത്താൻ. ഇത് സാധാരണക്കാരായ തീരവാസികൾക്ക് ഏറെ ബാധ്യത ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ കൊപ്പളം ആരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറുടെ സേവനം ദിവസവും ലഭ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

