സ്കൂളിന്റെ 35 ലക്ഷം കാണാനില്ല; പൊലീസിൽ പരാതിയുമായി പി.ടി.എ
text_fieldsകാസർകോട്: മൊഗ്രാൽ ജി.വി.എച്ച്.എസ് സ്കൂൾ വികസന ഫണ്ടിലെ 35 ലക്ഷം രൂപ കാണാനില്ലെന്ന് പൊലീസിൽ പരാതി. വെള്ളിയാഴ്ച ചേർന്ന സ്കൂൾ പി.ടി.എ യോഗത്തിലാണ് വിവരം പുറത്തുവന്നിരിക്കുന്നത്.
സ്കൂൾ കെട്ടിടനിർമാണം, ശുചിമുറി നിർമാണം തുടങ്ങി സർക്കാറിന്റെ വിവിധ ഫണ്ടുകളിൽനിന്നാണ് തുക അടിച്ചുമാറ്റിയതായി വിവരം. പി.ടി.എ കമ്മിറ്റിയും പ്രിൻസിപ്പലും ബാങ്ക് ശാഖയിൽനിന്ന് സ്റ്റേറ്റ്മെന്റ് എടുത്തുനോക്കിയപ്പോഴാണ് സ്കൂളിലെതന്നെ ഒരധ്യാപകൻ പ്രിൻസിപ്പലിന്റെ കള്ള ഒപ്പിട്ട് ബാങ്കിൽനിന്ന് പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും കുറച്ച് തുക സ്വകാര്യ ആവശ്യത്തിനായി എടുക്കുകയും ചെയ്തതായി മനസ്സിലായത്.
ഇയാളിപ്പോൾ സ്ഥലംമാറി പോയിരിക്കുകയാണ്. ഇന്നത്തെ പി.ടി.എ യോഗ തീരുമാനപ്രകാരം ഇതുസംബന്ധിച്ച് കുമ്പള പൊലീസിൽ പരാതി നൽകുമെന്ന് പി.ടി.എ പ്രസിഡന്റ് അഷ്റഫ് പെർവാഡ് ‘മാധ്യമ’ത്തോട് പറഞ്ഞു.
‘ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കണം’
മൊഗ്രാൽ സ്കൂളിലെ വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ലക്ഷങ്ങളുടെ തിരിമറി നടന്നതായി പറയുന്ന സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് റെഡ്സ്റ്റാർ മൊഗ്രാൽ.കെട്ടിടം ഫണ്ടിന് അനുവദിച്ച തുകയും സ്കിൽ ഡെവലപ്മെന്റ് പദ്ധതിക്ക് അനുവദിച്ച തുകയുമടക്കമാണ് ഒരധ്യാപകൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി പറയുന്നത്.
അഴിമതി നടന്നിട്ടുണ്ടെങ്കിൽ ഉത്തരവാദപ്പെട്ടവർക്കെതിരെ ശതമായ ബഹുജനമുന്നേറ്റം നടത്തുമെന്നും ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും റെഡ്സ്റ്റാർ മൊഗ്രാൽ ആവശ്യപ്പെട്ടു.ഇതുസംബന്ധിച്ച പരാതി വിദ്യാഭ്യാസ മന്ത്രി, വിജിലൻസ് ഡയറക്ടർ, ജില്ല കലക്ടർ എന്നിവർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

