ഹൈവേ ടാറിങ് പ്രവൃത്തി സമരസമിതി പ്രവർത്തകർ തടഞ്ഞു
text_fieldsനീലേശ്വരം ജനകീയസമരസമിതി പ്രവർത്തകർ കരുവാച്ചേരി ഹൈവേ ടാറിങ് പ്രവൃത്തി തടയുന്നു
നീലേശ്വരം: ജില്ല കലക്ടറുടെ കർശന ഉത്തരവ് നിലനിൽക്കെ നീലേശ്വരം കരുവാച്ചേരി ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള മെയിൻ ക്യാരേജ് വേ അടച്ചുപൂട്ടി ടാറിങ് നടത്താനുള്ള നീക്കം ജനകീയ സമരസമിതി പ്രവർത്തകരും നാട്ടുകാരും തടഞ്ഞു. നിയമവ്യവസ്ഥയെയും ജില്ല ഭരണകൂടത്തെയും നോക്കുകുത്തിയാക്കിയുള്ള മേഘ കരാർ കമ്പനിയുടെ ഈ നടപടി കടുത്ത നിയമലംഘനമാണെന്ന് ആരോപിച്ചാണ് ജനകീയ സമര സമിതി ടാറിങ് പ്രവൃത്തി തടഞ്ഞത്.
നീലേശ്വരം ഭാഗത്തെ ദേശീയപാതയിലെ നിലവിലെ സ്ഥിതി സംബന്ധിച്ച് സർക്കാറിലേക്ക് വിശദമായ റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നും അതിൽ അന്തിമ തീരുമാനമാകാതെ ദേശീയപാതയിലെ മെയിൻ റോഡിൽ ഒരുവിധ നിർമാണപ്രവർത്തനങ്ങളും നടത്താൻ പാടില്ലെന്നും ജില്ല കലക്ടർ കർശന നിർദേശം നൽകിയിട്ടുള്ളതാണ്. ആർ.ഡി.ഒ മീറ്റിങ് മിനിറ്റ്സിൽ ഇക്കാര്യം അർഥശങ്കക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. ഈ ഔദ്യോഗിക ഉത്തരവാണ് കമ്പനി ബുധനാഴ്ച രാവിലെ ലംഘിക്കാൻ ശ്രമിച്ചത്.
നീലേശ്വരം പാലത്തിന്റെയോ അതിനപ്പുറമുള്ള ഭാഗങ്ങളിലെയോ നിർമാണപ്രവൃത്തികൾ ഇപ്പോഴും എങ്ങുമെത്താതെ അപൂർണമാണ്. ഈ സാഹചര്യത്തിൽ തർക്കം നിലനിൽക്കുന്ന മെയിൻ റോഡിൽ തന്നെ തിടുക്കപ്പെട്ട് ടാറിങ് നടത്താനുള്ള കമ്പനിയുടെ നീക്കം അങ്ങേയറ്റം ദുരൂഹമാണെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.ജനകീയ സമരസമിതി ചെയർമാൻ ടി.സി.വി. ശ്രീനാഥ് ശശി, ജനറൽ കൺവീനർ ഡി. രാജൻ, അംഗങ്ങളായ എൻ.വി. പ്രഭു, രാജു രാമൂട്ടി, പി.പി. ഹരീഷ്, റൂബി, മലപ്പിൽ സുകുമാരൻ, രമേശൻ നായർ, രതീഷ് കൃഷ്ണൻ, രാജീവൻ, ഗീതമ്മ, ഷഫീക്, മധുസൂദനൻ, ജോൺ ഐമെൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

