പ്രശ്നങ്ങൾ ബാക്കി; ദേശീയപാത ജി.എം എത്തിയത് ജനപ്രതിനിധികൾ അറിഞ്ഞില്ല
text_fieldsrepresentational image
കാസർകോട്: ദേശീയപാത വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ജനറൽ മാനേജർ എത്തിയത് ജനപ്രതിനിധികളെ അറിയിക്കാതെ. സൂപ്രണ്ടിങ് എൻജിനീയർ കൂടിയായ ജി.എം. രജനീഷ് കപൂറാണ് രഹസ്യമായി എത്തിയത്. അതേസമയം, ബി.ജെ.പി ജില്ല പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രശ്നങ്ങൾ രേഖമൂലം ഉപരിതല ഗതാഗത വകുപ്പിനെയും ദേശീയപാത അതോറിറ്റിയെയും അറിയിച്ചുകൊണ്ടിരുന്ന സ്ഥലം എം.പി. രാജ്മോഹൻ ഉണ്ണിത്താൻ, ഏറ്റവും കൂടുതൽ പ്രശ്നങ്ങളും സമരങ്ങളും നടക്കുന്ന മഞ്ചേശ്വരം, കാസർകോട് മണ്ഡലം എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ് എന്നിവർക്കും മറ്റു ഇടത് എം.എൽ.എമാർക്കും ദേശീയപാത അധികാരിയുടെ വരവ് സംബന്ധിച്ച വിവരം ലഭിച്ചിട്ടില്ല.
അവരെയൊന്നും കാണാൻ ജനറൽ മാനേജർ തയാറായതുമില്ല. ബി.ജെ.പി ജില്ല പ്രസിഡൻറ് രവീശ തന്ത്രി കുണ്ടാറിനൊപ്പം സമര കേന്ദ്രങ്ങൾ സന്ദർശിച്ച അദ്ദേഹം വന്നകാറിൽ നിന്നും ഇറങ്ങാതെ സമരക്കാരെ കാറിനടുത്തേക്ക് ക്ഷണിച്ച് ഒരു മിനിറ്റുപോലും കേൾക്കാൻ നിൽക്കാതെ പോകുകയായിരുന്നു.
ദേശീയപാതയുമായി ബന്ധപ്പെട്ട അടിപ്പാത, സർവിസ് റോഡ്, മേൽപാലം എന്നിവയുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതും അനുവദിക്കണ്ടേത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടതും എൻജീയറിങ് വിഭാഗമാണ്. അതിെൻറ മേധാവിയാണ് കഴിഞ്ഞ ദിവസം കാസർകോട്ട് എത്തിയത്. ജനപ്രതിനിധികളുടെ നിവേദനം കേന്ദ്രമന്ത്രിയുടെ ശുപാർശ അടിസ്ഥാനത്തിൽ പരിശോധിച്ച് അനുവദിക്കണമോയെന്ന് തീരുമാനിക്കുന്ന അന്തിമ തലമാണ് എൻജിനീയറിങ് വിഭാഗം.
കാസർകോട് ജില്ലയിൽനിന്നുമാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ ഇതിനകംതന്നെ പത്തോളം, അടിപ്പാതകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ പുതിയ അടിപ്പാതകൾ വേണമെന്നാവശ്യപ്പെട്ട് പുതിയ പ്രക്ഷോഭങ്ങൾ ഉയർന്നുവരുകയുമാണ്.
ബേവിഞ്ച അടിപ്പാത, തെക്കിൽ അടിപ്പാത, നായൻമാർമൂല മേൽപാലം എന്നിവ ഗൗരവത്തിലുള്ള ആവശ്യങ്ങളായി മാറിയിരിക്കുന്നു. ഇതുസംബന്ധിച്ച പരാതികൾ അന്വേഷിക്കാനും പരിശോധിക്കാനുമാണ് സൂപ്രണ്ടിങ് എൻജിനീയർ എത്തിയത്. എന്നാൽ ഇതുസംബന്ധിച്ച് ഒരു യോഗം വിളിച്ചുചേർക്കാൻ പോലും തയാറായില്ല. ദേശീയപാത വിഷയം സംബന്ധിച്ച് യോഗം വിളിക്കുന്ന കലക്ടറിനും ഇക്കാര്യം അറിയില്ല.
വിവരം അറിഞ്ഞ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി.,എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ എന്നിവർ അദ്ദേഹത്തെ ബന്ധപ്പെട്ട് ജനപ്രതിനിധികളെ കേൾക്കാൻ സമയം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടുവെങ്കിലും തയാറായില്ല. ദേശീയപാതയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള രാഷ്ട്രീയശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് പരക്കെ വിമർശം.
ജനപ്രതിനിധികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എത്തിയ ദേശീയപാത ജനറൽ മാനേജർ ജനപ്രതിനിധികളെ കാണാതെ പോയത് ജനാധിപത്യ മര്യാദയല്ലെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. ഒരു വാർഡ് മെംബർ പോലുമല്ലാത്ത ബി.ജെ.പി ജില്ല പ്രസിഡൻറിനൊപ്പം സഞ്ചരിച്ച അദ്ദേഹം രാഷ്ട്രീയക്കാരനായി മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

