24 മണിക്കൂറോളം വൈദ്യുതി മുടങ്ങി ; കെ.എസ്.ഇ.ബി ഓഫിസിലേക്ക് ജനം ഇരച്ചുകയറി
text_fieldsകുമ്പള കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം
കുമ്പള: കുമ്പളയുടെ പരിസരപ്രദേശങ്ങളിൽ 24 മണിക്കൂറായി വൈദ്യുതിയില്ല. കുമ്പള കെ.എസ്.ഇ.ബി ഓഫിസിലേക്ക് ജനങ്ങൾ പ്രതിഷേധവുമായി ഇരച്ചുകയറി. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. വൈദ്യുതി മുടങ്ങി 24 മണിക്കൂറായിട്ടും പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർളെ, എ.കെ. ആരിഫ്, ലക്ഷ്മണപ്രഭു, ഖദീജ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധ പ്രകടനം എത്തുന്നതറിഞ്ഞ് കുമ്പള പൊലീസ് നേരത്തേതന്നെ ഓഫിസിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അധികൃതരുമായി സംസാരിക്കാൻ പൊലീസ് നേതാക്കളെ അനുവദിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്ന് നാട്ടുകാർ ഓഫിസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു.
അതിനിടെ, ഞായറാഴ്ച രാത്രിയുണ്ടായ മിന്നലിൽ വിദ്യാനഗറിനടുത്ത് ചെട്ടുംകുഴിയിൽ 33 കെ.വി ലൈനിൽ സ്ലീവുകൾ മുഴുവൻ കത്തിപ്പോയതാണ് വൈദ്യുതിമുടക്കത്തിന് കാരണമെന്ന് കെ.എസ്.ഇ.ബി കുമ്പള സെക്ഷനിൽനിന്ന് അറിയിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

