അനന്തപുരം ഓയിൽ ഫാക്ടറിയിലെ മാലിന്യം വീണ്ടും വിവാദത്തിൽ
text_fieldsപുത്തിഗെ: കുമ്പള അനന്തപുരം ഓയിൽ ഫാക്ടറിയിൽനിന്നുള്ള മാലിന്യം വീണ്ടും വിവാദത്തിൽ. ദുർഗന്ധത്തിൽ പൊരുതിമുട്ടിയിരിക്കുകയാണ് നാട്ടുകാരും പരിസരപ്രദേശവാസികളും. കുഞ്ഞുങ്ങൾക്ക് ചുമയും ശ്വാസ തടസ്സവും നേരിടുന്നതായി പ്രദേശവാസികൾ പറയുന്നു. കുട്ടികളെയുംകൊണ്ട് ദിവസവും ആശുപത്രി കയറിയിറങ്ങേണ്ടി വരുന്നു. ഭക്ഷണം പാകം ചെയ്യാനോ കഴിക്കാനോ കഴിയാത്ത അവസ്ഥയാണ് പരിസരപ്രദേശവാസികൾക്കുള്ളത്. ബന്ധപ്പെട്ടവർ നൽകിയ ഉറപ്പൊന്നും പാലിക്കാൻ ഫാക്ടറി ഉടമകൾ തയാറല്ല. ഓണാഘോഷങ്ങൾക്ക് ശേഷം ജനകീയ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെയും ആക്ഷൻ കമ്മിറ്റിയുടെയും ഇപ്പോഴത്തെ തീരുമാനം.
നേരത്തെ ജില്ല ഭരണകൂടവും പുത്തിഗെ ഗ്രാമപഞ്ചായത്തും എ.കെ.എം അഷറഫ് എം.എൽ.എയും ജനങ്ങളുടെ പരാതി കേൾക്കാനും ശക്തമായ നടപടികളും സ്വീകരിക്കാനും നിർദേശം നൽകിയിരുന്നു. ബന്ധപ്പെട്ടവർക്ക് പുത്തിഗെ ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമൊയും നൽകിയിരുന്നു. പരാതിയെ തുടർന്ന് അടച്ചിട്ട ഫാക്ടറി തുറക്കണമെങ്കിൽ പ്രദേശവാസികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ രീതിയിൽ പരിഹാരം കാണണം. മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും വേണം. ഇത് ഉറപ്പുവരുത്തിയതിന് ശേഷമേ ഫാക്ടറിക്ക് തുടർപ്രവർത്തനത്തിന് അനുമതി നൽകുകയുള്ളൂവെന്ന് കലക്ടറും അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റ് എൻജിനീയർക്ക് ജില്ല കലക്ടർ നിർദേശവും നൽകിയിരുന്നു. ഇതൊന്നും ഫലവത്തായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഫാക്ടറിയിൽനിന്ന് ഉയർന്ന വരുന്ന പുകയും ദുർഗന്ധവും പ്രദേശവാസികളിൽ ഛർദി, അലർജി എന്നീ ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാക്കുന്നതായി വ്യാപക പരാതി ഉയർന്നു. പാകം ചെയ്ത ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയായെന്ന് നാട്ടുകാർ പറയുന്നു. തൊട്ടടുത്ത പ്രദേശങ്ങളിൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് പോലും ദുർഗന്ധവും പുകയും ശ്വാസതടസ്സം നേരിടുന്ന അവസ്ഥയുമുണ്ടായി. ഇതിനെതിരെ നാട്ടുകാർ രംഗത്തിറങ്ങി പ്രക്ഷോഭം ആരംഭിച്ചതോടെയാണ് ജില്ല കലക്ടറുടെ അടക്കം ഇടപെടലുകൾ ഉണ്ടായത്. പ്രദേശം പുത്തിഗെ പഞ്ചായത്ത് പരിധിയിലായതിനാൽ നേരത്തെ തന്നെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഫാക്ടറി അടച്ചുപൂട്ടാൻ നോട്ടിസ് നൽകിയിരുന്നു. ഇത്രയൊക്കെയായിട്ടും ഫാക്ടറി അധികൃതരുടെ ഭാഗത്തുനിന്ന് പ്രശ്നപരിഹാരത്തിന് നടപടികൾ ഉണ്ടായില്ല. കുമ്പളയിലെ സന്നദ്ധ സംഘടന പ്രവർത്തകൻ ഹക്കീം കുമ്പള അനന്തപുരം മേഖലയിലെ മലിനീകരണവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽനിന്ന് ലഭിച്ച മറുപടിയിൽ പ്രസ്തുത സ്ഥലത്ത് പരിശോധന നടത്തിയതായും, ഓയിൽ റീ സൈക്ലിങ് യൂനിറ്റുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചതായും പറയുന്നുണ്ട്. എന്നാൽ ഫാക്ടറി അധികൃതർ ഇതൊന്നും പാലിച്ചില്ലെന്നും, ഇപ്പോഴും അസഹ്യമായ ദുർഗന്ധമാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

