കൊലക്കേസ് പ്രതിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയെ സമീപിക്കും
text_fieldsഗണേശൻ
കാഞ്ഞങ്ങാട്: ചാലിങ്കാലിൽ യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് വ്യാഴാഴ്ച പൊലീസ് കോടതിയെ സമീപിക്കും. സുശീല ഗോപാലൻ നഗറിലെ നീലകണ്ഠനെ (38) കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബംഗളൂരു സ്വദേശി ഗണേശന്‍ എന്ന സെല്‍വരാജി (58)നെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. അമ്പലത്തറ ഇന്‍സ്പെക്ടര്‍ ടി.കെ. മുകുന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബംഗളൂരു ബണ്ണാര്‍ഗട്ടയില്‍ അറസ്റ്റ് ചെയ്തത്.
ഗണേശനെ കസ്റ്റഡിയിൽ വിട്ടുകിട്ടിയ ശേഷം തെളിവെടുപ്പിന് വിധേയമാക്കും.
മൂന്ന് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുക. കൊല്ലപ്പെട്ട നീലകണ്ഠന്റെ സഹോദരീ ഭർത്താവാണ് ഗണേശൻ. ആഗസ്റ്റ് ഒന്നിനാണ് സംഭവം. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ഗണേശനു വേണ്ടി നാല് മാസമായി അമ്പലത്തറ പൊലിസ് സംഘം കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ അന്വേഷിച്ചു വരുകയായിരുന്നു. ബണ്ണാര്‍ഗട്ടയിലുള്ള മകളുടെ വീട്ടിലെത്തിയ വിവരമറിഞ്ഞാണ് പൊലീസ് അവിടെയെത്തി അറസ്റ്റ് ചെയ്തത്. നിർമാണ കരാർ തൊഴിലാളിയായ ഗണേശൻ തൊഴിലാളികൾക്ക് നൽകാനുള്ള കൂലി മുഴുവനും നൽകാതെ പിടിച്ചുവച്ചിരുന്നു. നീലകണ്ഠൻ ഇതറിഞ്ഞ് ചോദ്യം ചെയ്തിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലക്ക് കാരണം. നീലകണ്ഠന്റെ മരുമകൻ ഉൾപ്പെടെയുള്ളവർക്കാണ് കൂലി കുറച്ചു കൊടുത്തത്. നാലുമാസമായി മുങ്ങി നടക്കുന്ന ഗണേശനെ കണ്ടെത്താൻ അമ്പലത്തറ പൊലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

