പൊലീസ് കേസിൽ കുടുക്കുന്നുവെന്ന്; ടവറിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി
text_fieldsമൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്ന ഷൈജു
ഉദുമ: പൊലീസ് കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് യുവാവ് മൊബൈൽ ടവറിൽ കയറി കഴുത്തിൽ കയറിട്ട് ആത്മഹത്യ ഭീഷണി മുഴക്കി. പാലക്കുന്ന് സ്വദേശി ഷൈജുവാണ് മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്ത് വിഡിയോ പുറത്തുവിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത്. പാലക്കുന്ന് ടൗണിലെ ബാങ്ക് കെട്ടിടത്തിനുമുകളിൽ ചൊവ്വാഴ്ചയാണ് സംഭവം. കാസർകോട്ടെ പൊലീസ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയോട് പരാതി പറയുന്ന വിഡിയോയാണ് ഇയാൾ പുറത്തുവിട്ടത്.
രാവിലെ 9.30ഓടെ ഷൈജു പാലക്കുന്ന് ടൗണിൽ സംസ്ഥാന പാതയോരത്തെ കെട്ടിടത്തിനുമുകളിൽ സ്ഥാപിച്ചിട്ടുള്ള മൊബൈൽ ടവറിലെ മുകളറ്റത്തെ പ്ലാറ്റ്ഫോമിൽ കയറി കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് ലൈവായി വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിലും മറ്റും സന്ദേശമയക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാലക്കുന്ന് ടൗണിലെ ബാങ്ക് കെട്ടിടത്തിന് മുകളിലെ ടവറിൽ ഷൈജുവിനെ കണ്ടെത്തിയത്.
സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനയും അനുനയിപ്പിക്കാൻ ഏറെ പണിപ്പെട്ടിട്ടും ഇയാൾ പിന്മാറിയില്ല. എല്ലാം ശരിയാകുമെന്ന ഏതാനും മാധ്യമ പ്രവർത്തകരുടെ അറിയിപ്പിൽ 1.30 ഓടെ ഷൈജു താഴെയിറങ്ങുകയായിരുന്നു. ബേക്കൽ സ്റ്റേഷനിൽ ഒമ്പത് കേസുകളിൽ പ്രതിയാണ് ഇയാൾ. പാലക്കുന്നിലെ എ.ടി.എം കൗണ്ടറിന്റെ ഗ്ലാസ് തല്ലിപ്പൊളിച്ച കേസിലും കഞ്ചാവ് ബീഡി ഉയോഗിച്ചതിലും പ്രതിയാണ്. ആത്മഹത്യ ഭീഷണി മുഴക്കിയ സംഭവത്തിലും പൊലീസ് കേസെടുത്തു.

