കായികഭവനിൽ പ്ലാനിങ് ആൻഡ് റിസർച് വിഭാഗം ആരംഭിക്കും -മന്ത്രി വി. അബ്ദുറഹിമാൻ
text_fieldsവി. അബ്ദുറഹിമാൻ
തൃക്കരിപ്പൂർ: സംസ്ഥാനത്ത് കായികമേഖലയുടെ ശാസ്ത്രീയമായവളർച്ച ലക്ഷ്യമിട്ട് കായികവകുപ്പിന് കീഴിൽ രാജ്യത്ത് ആദ്യമായി പ്ലാനിങ് ആൻഡ് റിസർച് വിഭാഗം ആരംഭിക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ. കുട്ടികളുടെ കായിക കഴിവുകൾ ചെറിയ പ്രായത്തിൽതന്നെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കാസർകോട് ജില്ല മൾട്ടി പർപസ് സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10 വർഷത്തിനിടയിൽ കായികമേഖലയിൽ മികച്ച അടിസ്ഥാന സൗകര്യ വികസനമാണ് സംസ്ഥാനത്തുണ്ടായതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും ജില്ല സ്റ്റേഡിയങ്ങൾ പൂർത്തിയാക്കും. നിർമാണം പൂർത്തീകരിച്ച നാലു സ്റ്റേഡിയങ്ങളിൽ രണ്ടാമത്തെ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനമാണ് കാസർകോട്ട് നടന്നത്.
സംസ്ഥാനത്താകെ 300 കളിക്കളങ്ങളും 32 കായിക സമുച്ചയങ്ങളും നിർമിച്ചു. ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കളിക്കളം നിർമിക്കും. പദ്ധതിപ്രകാരം ഇനി 162 ഗ്രാമപഞ്ചായത്തുകളിൽ കൂടി നിർമാണം പൂർത്തിയായാൽ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അടുത്ത അധ്യയനം വർഷം മുതൽ കായിക വിദ്യാലയങ്ങളിൽ പ്രത്യേക സിലബസ് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

